ശനിയാഴ്ച എക്‌സൈസ് ഉദ്യോഗസ്ഥന് മർദനമേറ്റിരുന്നു. തെറ്റിദ്ധാരണയുടെ പേരിലാണ് മർദിച്ചത്.

ഹരിപ്പാട്: യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ സ്വദേശികളായ മനു, അരുൺദാസ്, വിഷ്ണു, അമൽ മോഹൻ, ചന്തു എന്നിവരെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ പുതിയവിള സ്വദേശിയായ വൈശാഖി(30)നെയാണ് അമ്പലമുക്കിനു സമീപംവെച്ച് ഇവർ കൂട്ടംചേർന്ന് ക്രൂരമായി ആക്രമിച്ചത്. 

വൈശാഖിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂക്കിന് ഗുരുതരമായി പരിക്കേറ്റ വൈശാഖ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിലെ നാലാം പ്രതി അയ്യപ്പനെ ഇനി പിടികൂടാനുണ്ട്. ഇയാൾ ഒളിവിലാണ്. പുതിയവിള കൂലുത്തേൽ മുക്കിനു വടക്കുഭാഗത്തുവെച്ച് ശനിയാഴ്ച എക്‌സൈസ് ഉദ്യോഗസ്ഥന് മർദനമേറ്റിരുന്നു. തെറ്റിദ്ധാരണയുടെ പേരിലാണ് മർദിച്ചത്.

ഈ കേസിലും മനു, അരുൺ ദാസ്, അയ്യപ്പൻ എന്നിവർ പ്രതികളാണ്. മനു എട്ടു കേസിലും അരുൺ ദാസ് ആറു കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്ഐ മാരായ ധർമരത്‌നം, സന്തോഷ്‌കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ സനൽ കുമാർ, സുനീർ, പി അനിൽകുമാർ, കെ ജി അനിൽകുമാർ, രാഹുൽ ആർ കുറുപ്പ്, ഷിജാർ, ബിലാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം