'ഈ യുവാവിന് വീടിന് പുറത്തിറങ്ങാന്‍ ഭയം, ആളുകള്‍ നോക്കുന്നത് ഭീകരവാദിയെ പോലെ'; അഫ്‌സലിനെ കുറിച്ച് അരിത
കുടുംബമായി ജീവിക്കുന്ന ഒരു യുവാവിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിലൂടെ എന്ത് നേട്ടമാണ് ലഭിക്കുന്നതെന്നും അരിത.
ആലപ്പുഴ: കായംകുളം സ്വദേശി അഫ്‌സല്‍ എന്ന യുവാവിനെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. അഫ്‌സലിന്റെ ചിത്രം ഉപയോഗിച്ച് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആളാണെന്ന തരത്തിലാണ് പ്രചരണം നടക്കുന്നതെന്നും ഇത് വ്യാജമാണെന്നും അരിത പറഞ്ഞു. സംഭവത്തില്‍ കായംകുളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടുംബമായി ജീവിക്കുന്ന ഒരു യുവാവിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിലൂടെ എന്ത് നേട്ടമാണ് ലഭിക്കുന്നതെന്നും അരിത ചോദിച്ചു. വീടിന് പുറത്തിറങ്ങാന്‍ അഫ്‌സല്‍ ഭയപ്പെടുകയാണെന്നും ആളുകള്‍ അദ്ദേഹത്തെ നോക്കുന്നത് ഭീകരവാദിയെ പോലെയാണെന്നും അരിത കൂട്ടിച്ചേര്‍ത്തു.
അരിത ബാബു പറഞ്ഞത്: ''പ്രിയപ്പെട്ടവരെ, ഒരു വളരെ പ്രധാനപ്പെട്ട അറിയിപ്പും ആയിട്ടാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നത്. എന്റെ കൂടെ ഉള്ളത് അഫ്‌സല്‍, കായംകുളം രണ്ടാംകുറ്റി സ്വദേശിയാണ്. ഇന്നലെ മുതല്‍ അഫ്‌സലിന്റെ ചിത്രം വെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഒരു വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇദ്ദേഹം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണ് എന്നുള്ള തരത്തില്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് തന്റെ ചിത്രം ദുരുപയോഗം ചെയ്തു ഇങ്ങനെ വ്യാജ പ്രചരണം നടത്തുന്നതിനു എതിരെ കായംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.''
''എന്നിരുന്നാലും ഒന്ന് ഓര്‍മിപ്പിക്കുന്നു, നാം ഒരു നിമിഷത്തെ സന്തോഷത്തിനുവേണ്ടി അല്ലെങ്കില്‍ ഒരാളെ കളിയാക്കുന്നതിന് വേണ്ടി പ്രചരിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ എത്രമാത്രം ആ കുടുംബത്തെ ബുദ്ധിമുട്ടിക്കുന്നു എന്ന് ഇന്നത്തെ ദിവസം ഞാന്‍ നേരില്‍ മനസ്സിലാക്കി. കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഒരു യുവാവിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിലൂടെ എന്ത് നേട്ടമാണ് ലഭിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇന്ന് യുവാവ് വീടിന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. ആളുകള്‍ തിരിച്ചറിയുന്നത് ഒരു ഭീകരവാദിയെ പോലെയാണ്. അതൊക്കെ ഒരുപക്ഷേ ഈ പോസ്റ്റ് ഉണ്ടാക്കി വിട്ടവന് പറഞ്ഞാല്‍ മനസ്സിലാകില്ലായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ ശ്രദ്ധയില്‍ ഈ വ്യാജ പ്രചരണം എത്തുകയാണെങ്കില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിന് പ്രിയ അഫ്സലിനൊപ്പം നിങ്ങളും ഉണ്ടാകണമെന്ന് ഓര്‍മിപ്പിക്കുന്നു.''