പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ കൈയ്യിൽ വലിയ പൊതിയുമായി യുവാവ്, പരിശോധന കണ്ട് പരുങ്ങി, 3.18 കിലോ കഞ്ചാവ് !
അന്യ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്ന ലഹരി സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. കണ്ണൂർ ഇരിട്ടി സ്വദേശി സാം തിമോത്തിയോസിനെ ആണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും എക്സൈസ് സംഘ് പൊക്കിയത്. ഇയാളിൽ നിന്നും 3.18 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. റെയിൽവേ പൊലീസും തിരുരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സാം തിമോത്തിയോസ് അറസ്റ്റിലായത്.
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്ന ലഹരി സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്റ്റേഷനിൽ എക്സൈസിനെ കണ്ട് പരുങ്ങിയ യുവാവിനെ സംശയം തോന്നി പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വലിയ പൊതിയാക്കി അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനപ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡിൽ ആർപിഎഫ് സബ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്‌മണ്യം പി ടി,ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രമോദ് ബി എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ അഭിലാഷ് കെ, പ്രഗേഷ് പി, പ്രജോഷ് ടി, പ്രിവന്റീവ് ഓഫീസർമാരായ ദിലീപ്, രജീഷ് എന്നിവർ പങ്കെടുത്തു.
അതിനിടെ കണ്ണൂരിൽ, കണ്ണപുരം മൊട്ടമ്മൽ ഭാഗങ്ങളിൽ, ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വില്പന നടത്തിയിരുന്നയാളെയും എക്സൈസ് പിടികൂടി. കണ്ണൂർ സ്‌പെഷ്യൽ സ്‌ക്വാഡ് സംഘമാണ് 1.75 കിലോഗ്രാം കഞ്ചാവ് സഹിതം ബംഗാൾ സ്വദേശി സുദീപ് ലട്ട് എന്നയാളെ അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സിയും പാർട്ടിയും പൊടിപ്പുറം ഇരിണാവ് റോഡിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.