ആളൊഴിഞ്ഞ പറമ്പില്‍ മയക്കുമരുന്ന് കച്ചവടം; കാറില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍
താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരി വില്പന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ലോക്ക് ഡൌൺ സമയത്ത് നാട്ടിൽ വന്ന ശേഷം ആണ് മയക്കുമരുന്നു വില്പനയിലേക്ക് തിരിയുന്നത്.
കോഴിക്കോട്: ന്യൂജൻ സിന്തറ്റിക് ലഹരി മരുന്നുമായി കോഴിക്കോട് യുവാവ് പിടിയില്‍. താമരശ്ശേരി അമ്പയത്തോട് സ്വദേശി നംഷിദ്( 35) നെയാണ് 7.06 ഗ്രാം എംഡിഎംഎയുമായി ഒരാളെ താമരശ്ശേരി പഴയ ചെക്ക് പോസ്റ്റിനടുത്തുള്ള വർക്ക് ഷോപ്പിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിയ കാറുള്‍പ്പെടെ പൊലീസ് കസ്റ്റജിയിലെടുത്തു. കോഴിക്കോട് റൂറൽ എസ്പി ആർ. കറപ്പസ്വാമിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരി വില്പന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ലോക്ക് ഡൌൺ സമയത്ത് നാട്ടിൽ വന്ന ശേഷം ആണ് മയക്കുമരുന്നു വില്പനയിലേക്ക് തിരിയുന്നത്. ബാംഗ്ലൂർ നിന്നും മൊത്തവിലക്ക് എടുത്തു കോഴിക്കോട് എത്തിച്ചു വ്യാപകമായി കോഴിക്കോട്, വയനാട് ജില്ലകളിൽ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാളുടെ പേരിൽ നിരവധി പരാതികൾ പൊലീസിനും എക്സൈസിനും സമീപകാലത്തു ലഭിച്ചിരുന്നു. തുടർന്ന് രണ്ടു മാസത്തോളമായുള്ള നിരീക്ഷണത്തിനു ശേഷമാണ് ഇപ്പോൾ പിടികൂടിയത്.
വർക്ക് ഷോപ്പിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ രാത്രി കാലങ്ങളിൽ തമ്പടിക്കുന്ന സംഘങ്ങൾക്ക് വേണ്ടിയാണ് മയക്കുമരുന്നു എത്തിക്കുന്നത്. വില്പനയിൽ സഹായിക്കുന്നതിനായി ഇയാൾക്ക് ചെറുപ്പക്കാരുടെ സംഘങ്ങളുമുണ്ട്. പൊലീസിനെ കബളിപ്പിക്കുന്നതിനായി പലതരം കാറുകൾ മാറി മാറി ഉപയോഗിച്ചായിരുന്നു വില്പന നടത്തിയിരുന്നത്. ഗ്രാമിന് 1000 വെച്ച് ബാംഗ്ലൂർ നിന്നും ഏജന്റുമാർ മുഖേന എത്തിക്കുന്ന എംഡിഎംഎ 5000 രൂപക്കാണ് വിൽക്കുന്നത്.
കാറിന്റെ എസി വെന്റിലേറ്ററിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലിയാരുന്നു എം.ഡി.എം.എ. പാക്കിങ് സാധനങ്ങളും ത്രാസും ഡാഷ് ബോർഡിന്റെ ഉള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. ഇയാളുടെ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച്അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. താമരശ്ശേരി ജെ എഫ് സി എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്പിയുടെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, സുരേഷ് വി.കെ, ബിജു പൂക്കോട്ട്, താമരശ്ശേരി എസ് ഐ മാരായ ശ്രീജിത്ത്.വി.എസ് , സത്യൻ. കെ, ജയദാസൻ, എ എസ് ഐ ജയപ്രകാശ്പി കെ , സി.പി.ഒ മാരായ ജിലു സെബാസ്റ്റ്യൻ, പ്രവീൺ. കെ,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.