മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ യുവാവ് ആത്മഹത്യാഭീഷണിയുമായി 110 കെവി ടവറിന് മുകളില്‍ കയറി
പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി വിനീഷിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഇവരെ രണ്ട് മണിക്കൂറോളം വട്ടംകറക്കി. അവസാനം ആറരയോടെ ഇയാള്‍ താഴെയിറങ്ങി.
മാവേലിക്കര: ആത്മഹത്യാഭീഷണിയുമായി 110 കെവി ടവറിന് മുകളില്‍ കയറിയ യുവാവ് രണ്ട് മണിക്കൂറോളം പ്രദേശവാസികളെയും അധികൃതരെയും പരിഭ്രാന്തിയിലാക്കി. കുറത്തികാട് പളളിക്കല്‍ ഈസ്റ്റ് ചാങ്കൂരേത്ത് വീട്ടില്‍ വിനീഷ് (ഉണ്ണി 33) ആണ് 40 മീറ്റര്‍ പൊക്കമുള്ള വൈദ്യുതി ടവറിന് മുകളില്‍ കയറിയത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.
ആറരയോടെയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനായത്. ഇടപ്പോണ്‍-കായംകുളം, ഇടപ്പോണ്‍-മാവേലിക്കര ഇരട്ട സര്‍ക്യൂട്ട് ഫീഡറാണ് ഇതുവഴി കടന്നുപോകുന്നത്. വിനീഷ് ടവറിന് മുകളില്‍ കയറുന്നത് കണ്ട നാട്ടുകാര്‍ കറ്റാനം കെഎസ്ഇബി ഓഫീസിലും കുറത്തികാട് പൊലീസ് സ്‌റ്റേഷനിലും വിവരമറിയിച്ചു.
ഉടന്‍തന്നെ ഇതുവഴിയുള്ള വൈദ്യുതപ്രവാഹം വിച്ഛേദിച്ചു. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി വിനീഷിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഇവരെ രണ്ട് മണിക്കൂറോളം വട്ടംകറക്കി.
അവസാനം ആറരയോടെ ഇയാള്‍ താഴെയിറങ്ങി. തുടര്‍ന്ന് പൊലീസ് വിനീഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നിരവധിപ്പേര്‍ സ്ഥലത്ത് തടിച്ചുകൂടി. മദ്യപിച്ച് വീട്ടില്‍ ബഹളം വെച്ച ശേഷമാണ് വിനീഷ് ആത്മഹത്യാഭീഷണിയുമായി ടവറിന് മുകളില്‍ കയറിയതെന്ന് പൊലീസ് പറഞ്ഞു.
ബാബാ രാംദേവിന്‍റെ 'കൊറോണിൽ' വേണ്ട, പരസ്യവും വിൽപ്പനയും മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്ന് മന്ത്രി