പെട്രോൾ ബോംബാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബിയർ കുപ്പിയിൽ പട്രോൾ നിറച്ചു തീ കൊളുത്തി സുധീഷിന്റെ ദേഹത്തേക്ക് എറിയുകയായിരുന്നു...
ഇടുക്കി: അടിമാലി ചാറ്റുപാറയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അടിമാലി ചാറ്റുപാറ ചുണ്ടേക്കാട്ടിൽ പരേതനായ സുരേഷിന്റെ മകൻ സുധീഷ് (കുഞ്ഞിക്കണ്ണൻ - 23 ) ആണ് ബുധനാഴ്ച രാത്രി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11.30 ടെ ആയിരുന്നു ആക്രമണം.
കൂമ്പൻ പാറ പൈനാമ്പിള്ളിൽ ഷിഹാസ് (26), മച്ചിപ്ലാവിൽ വാടകക്ക് താമസിക്കുന്ന പഴയരിക്കണ്ടം നെല്ലിക്കുടിയിൽ മുരുകൻ (25), ഇരുന്നൂറേക്കർ കുന്നും പുറത്ത് ജസ്റ്റിൻ (26) എന്നിവർ ചേർന്ന് ബിയർ കുപ്പിയിൽ പട്രോൾ നിറച്ചു തീ കൊളുത്തി സുധീഷിന്റെ ദേഹത്തേക്ക് എറിയുകയായിരുന്നു. സംസ്കാരം നടത്തി. അമ്മ- ആനീസ്. സഹോദരൻ- സുനീഷ്. ആക്രമണത്തിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്.
സംഭവം ഇങ്ങനെ...
വെള്ളിയാഴ്ച രാത്രി 11.30 യോടെയാണ് ആക്രമണം നടന്നത്. അടിമാലി ടൗണിൽ വെച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഘം ചാറ്റുപാറയിൽ എത്തി ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ജാതി പേരുൾപ്പടെ പറഞ്ഞു വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വാക്കേറ്റത്തിനിടെ സംഘത്തിലുള്ള ഷിയാസ് പ്രകോപിതനാകുകയും കൈയ്യിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി തീ കൊളുത്തി സുധീഷിന് നേരെ എറിയുകയുമായിരുന്നു.
ആക്രമണത്തിൽ സുധീഷിന് അറുപതു ശതമാനം പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ സുധീഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുധിക്കും ആൽബിനും സാരമായി പൊള്ളലേറ്റിരുന്നു. പെട്രോൾ ഒഴിക്കുന്നതിനിടെ ഷിയാസിനും പൊള്ളലേറ്റു. ഷിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തേനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പൊലീസ് പിടികൂടിയത്.
Read More: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം