സ്വന്തം വീടിനായി കോരിച്ചൊരിയുന്ന മഴയത്ത് 62 കിലോമീറ്റര്‍ നടന്നെത്തി പരാതി നല്‍കി യുവാവ്
മഞ്ഞള്‍പ്പാറയില്‍ നികുതി സ്വീകരിക്കാത്തതും താമസ യോഗ്യമല്ലാത്തതുമായ15 സെന്റ് ഭൂമിയാണുള്ളത്. പക്ഷേ താമസിക്കാന്‍ സുരക്ഷിതമായൊരു വീടില്ല.
മലപ്പുറം: ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരയില്‍ നിന്ന് മോചനം വേണമെന്നാവശ്യപ്പെട്ട് കോരിച്ചൊരിയുന്ന മഴയത്ത് 62 കിലോമീറ്റര്‍ കാല്‍നടയായി നടന്ന് കലക്ട്രേറ്റിലേക്ക് പരാതി നല്‍കി ഗൃഹനാഥന്റെ പ്രതിഷേധം. കരുവാരക്കുണ്ട് മഞ്ഞള്‍പ്പാറയിലെ വാലിത്തുണ്ടില്‍ ഉമര്‍ ഷാനവാസ് എന്ന 47 കാരനാണ് കലക്ടറെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കാനെത്തിയത്.
ഭാര്യയും മൂന്ന് ചെറിയ കുട്ടികളും അടങ്ങുന്ന താണ് ഉമര്‍ ഷാനവാസിന്റേത്. മഞ്ഞള്‍പ്പാറയില്‍ നികുതി സ്വീകരിക്കാത്തതും താമസ യോഗ്യമല്ലാത്തതുമായ15 സെന്റ് ഭൂമിയാണുള്ളത്. പക്ഷേ താമസിക്കാന്‍ സുരക്ഷിതമായൊരു വീടില്ല. പണം കൊടുത്ത് രജിസട്രേഷന്‍ അടക്കം നടത്തിയ ഭൂമിക്കാണ് പിന്നീട് നികുതി സ്വീകരിക്കാതായത്. ഓട്ടോറിക്ഷ ഓടിച്ചാണ് ഇദ്ദേഹം കുടുംബം പുലര്‍ത്തുന്നത്. നടുവേദനയായതിനാല്‍ പലപ്പോഴും ജോലിക്ക് പോകാനും കഴിയുന്നില്ല. നിലവില്‍ താമസിക്കുന്നതാകട്ടെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ കൂരയില്‍.
കാട്ടാനകളും പുലിയും പതിവായി എത്തുന്നിടത്ത് ഇത്തരമൊരു കൂരയിലെ താമസം സുരക്ഷിതവുല്ല. പല തവണ വീടിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് മഴയും രോഗവും വകവെക്കാതെ കലക്ടറെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാനായി നടന്നത്. പരാതിക്ക് ഇനിയും പരിഹാരമായില്ലെങ്കില്‍ കുടുംബസമേതം കലക്ടറേറ്റിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്താനാണ് തീരുമാനം.
മഴക്കോട്ടും, പ്ലക്കാഡുമേന്തി രാവിലെ ഒമ്പതിനാണ് മഞ്ഞള്‍പ്പാറയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. വൈകിട്ട് മൂന്നിന് കലക്ടര്‍ക്ക് പരാതി ബോധിപ്പിക്കുകയും ചെയ്തു. അന്വേഷണം നടത്തി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാമെന്ന് അധികൃതര്‍ പറഞ്ഞതായി ഉമര്‍ ഷാനവാസ് പറഞ്ഞു.