രണ്ട് ദിവസമായി വീട്ടിൽ ആളനക്കമില്ല, സംശയം തോന്നി നാട്ടുകാർ പരിശോധിച്ചു; തൃപ്പൂണിത്തുറയിൽ യുവാവ് മരിച്ച നിലയിൽ
തൃപ്പൂണിത്തുറ എസ് എൻ ജങ്ഷനിലെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: തൃപ്പൂണിത്തുറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ എസ്. എൻ. ജങ്ഷന് സമീപം കോൺവെൻ്റ് റോഡിൽ വാരിയംപുറം പുന്നവയലിൽ വീട്ടിൽ ജീവൻ (45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി വീടിന് പുറത്ത് ആരെയും കാണാത്തതിനാൽ ശനിയാഴ്ച ഉച്ചയോടെ അയൽവാസികളടക്കം ചേർന്ന് പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഫയർഫോഴ്സിനെ ഇവിടേക്ക് വരുത്തി. പിന്നീട് വീടിന്റെ വാതിൽ പൊളിച്ച് പൊലീസ് അകത്തുകയറി. ഈ സമയത്ത് ജീവനെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ജീവൻ വിവാഹിതനാണെങ്കിലും ഭാര്യയും മകളും പിണങ്ങി മാറി താമസിക്കുകയാണ്. തൃപ്പൂണിത്തുറയിലെ വീട്ടിൽ ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പോലീസ് തുടർനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്ഥിരം മദ്യപിക്കുന്നയാളാണ് ജീവനെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.