ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
ബാലുശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.
കോഴിക്കോട്: ബാലുശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖിൽ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു അഖിൽ അപകടത്തിൽപ്പെട്ടത്.
അതേസമയം, മാനന്തവാടിയിൽ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന്‍ റോയ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. വെണ്‍മണിയിലെ പാറയ്ക്കല്‍ വത്സല എന്നിവരുടെ വീടിന്റെ പ്രവൃത്തി നടക്കുന്നതിനിടെ ആയിരുന്നു അപകടം.
കഴിഞ്ഞ ദിവസം രാവിലെ വാര്‍ക്കയുടെ പലക പറിക്കുന്നതിനിടെ സണ്‍ഷെയ്ഡ് ഇളകി സ്വപന്‍ റോയിക്ക് മേല്‍ വീഴുകയായിരുന്നു. ദിവസങ്ങളായി ഇദ്ദേഹം ഈ വിട്ടിലാണ് ജോലിയെടുക്കുന്നത്. മുകളിലിരുന്ന് ജോലി ചെയ്യുന്നതിനിടെ താഴേക്ക് പതിച്ച യുവാവിന്റെ വയറിന് മുകളിലേക്ക് സണ്‍ഷെയ്ഡും ഇളകി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ സ്വപനെ ഉടന്‍ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്തരിക അവയവങ്ങള്‍ക്ക് സാരമായ ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.