ചീട്ടുകളി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാവിന് മർദനം; ആക്രമണം ഇരുമ്പുവടി കൊണ്ട്
പച്ചക്കറി വാങ്ങിക്കാൻ പോകുമ്പോഴാണ് ഷോബിക്ക് നേരെ ആക്രമണമുണ്ടായത്.
തൃശൂർ : ചാവക്കാട് എടക്കഴിയൂർ പഞ്ചവടിയിൽ ചീട്ടുകളി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. എടക്കഴിയൂർ പഞ്ചവടി വലിയതറയിൽ ഷോബിയെ (39) താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചവടി സെന്ററിൽ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. കമ്പിവടി കൊണ്ട് അടിച്ചതിനെ തുടർന്ന് തലയ്ക്ക് സാരമായ പരിക്കേറ്റു. തലയിൽ നാല് സ്റ്റിച്ചുകളുണ്ട്. ഷോബി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
പച്ചക്കറി വാങ്ങിക്കാൻ പോകുമ്പോഴാണ് ഷോബിക്ക് നേരെ ആക്രമണമുണ്ടായത്. കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുഖത്തടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തെന്ന് ഷോബി പറയുന്നു. വീണിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചെന്നും ഷോബി പറഞ്ഞു. കുറേനാളായി ഭീഷണിയുണ്ടായിരുന്നുവെന്നും ഷോബി പറഞ്ഞു. അബോധാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസിൽ പരാതി നൽകി.
പണം വെച്ച് ചീട്ട് കളിച്ച സംഘത്തെ പഞ്ചവടി സെന്ററിൽ നിന്ന് രണ്ട് മാസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ചീട്ടുകളി സംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത് താനാണെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നും ഷോബി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം