കടയില്‍ നിന്ന് വാങ്ങിയ കോഴിയിറച്ചിയില്‍ നിന്ന് ദുര്‍ഗന്ധം, പരിശോധിച്ചപ്പോള്‍ ഇറച്ചിയിൽ പുഴു, സ്ഥാപനം പൂട്ടി
പൊലീസ് സ്ഥലത്തെത്തി സ്ഥാപനത്തിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയില്‍ എടുക്കുകയും കട അടപ്പിക്കുയും ചെയ്തു
കോഴിക്കോട്: കോഴിക്കടയില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് പുഴുക്കളെ. തലക്കുളത്തൂര്‍ പഞ്ചായത്തിലെ അണ്ടിക്കോട് പ്രവര്‍ത്തിക്കുന്ന സിപിആര്‍ ചിക്കന്‍ സ്റ്റാളിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഇന്നലെ വൈകീട്ട് ആറോടെ കടയില്‍ നിന്ന് ഇറച്ചി വാങ്ങിയ ആള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
വിവരം നാട്ടുകാര്‍ അറിഞ്ഞതോടെ എലത്തൂര്‍ പൊലീസിനെയും പഞ്ചായത്ത് പ്രസിഡന്റ് പ്രമീള ഉള്‍പ്പെടെയുള്ള അധികൃതരെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥാപനത്തിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയില്‍ എടുക്കുകയും കട അടപ്പിക്കുയും ചെയ്തു. ഇവിടെ നിന്ന് ചത്ത കോഴികള്‍ കണ്ടെത്തിയതായും വിവരമുണ്ട്. കടയില്‍ നിന്നും അഹസ്യമായ ഗന്ധം ഉണ്ടാകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നത്.
പുതിയങ്ങാടി സ്വദേശി റഷീദ് ആണ് കടയുടെ ഉടമ. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഷ ഉള്‍പ്പെടെയുള്ള പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. നേരത്തേ പ്രവര്‍ത്തിച്ചിരുന്ന കട ഈയിടെയാണ് റഷീദ് ഏറ്റെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം