വിഐപി ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരിക്ക് സഹപ്രവർത്തകന്റെ മർദ്ദനം, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം
ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം.
ഇടുക്കി: ഗോവ ഗവർണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വി.ഐ.പി ഡ്യൂട്ടി ചെയ്ത് കൊണ്ടിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിവില്‍ പൊലീസ് ഓഫീസര്‍ അടിച്ച് വീഴ്ത്തി. സംഭവത്തിന് പിന്നാലെ പരാതിയില്ലാതെ ഇരുചെവിയറിയാതെ പ്രശ്നം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മർദിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ കേസോ വകുപ്പ് തല നടപടികളോ ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം.
ഗോവ ഗവര്‍ണർ പി എസ് ശ്രീധരൻ പിള്ള കടന്ന് പോകുന്നതിന്റെ മുന്നോടിയായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന തൊടുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയോട് ഈ സമയം അവിടേക്കെത്തിയ മുട്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് അക്രമണം നടത്തിയത്. അടിയേറ്റ് വീണ വനിതാ ഓഫീസറെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷപെടുത്തിയത്. ഈ സമയം സിവില്‍ പൊലീസ് ഓഫീസര്‍ സ്ഥലത്ത് നിന്ന് പോകുകയും ചെയ്തു. ഒപ്പം ജോലി ചെയ്ത മറ്റ് സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു.
എന്നാല്‍ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതി ലഭിക്കാത്തത് കൊണ്ടാണ് കേസെടുക്കാത്തതെന്നാണ് വിശദീകരണം. അതേ സമയം സംഭവത്തെക്കുറിച്ച് വിവിധ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥക്ക് മര്‍ദ്ദനമേറ്റിട്ടും നടപടി ഉണ്ടാകാത്തതില്‍ സേനാംഗങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
മറ്റൊരു സംഭവത്തിൽ പത്തനംതിട്ടയിൽ ഓണത്തിന് പൊലീസുകാർക്ക് അവധി നൽകില്ലെന്ന് ജില്ലാ പൊലീസ് മേധാവി വി അജിത്ത്. സെപ്റ്റംബർ 14 മുതൽ 18 വരെ പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. ഓണക്കാലം പ്രമാണിച്ച് പൊലീസുകാർ നീണ്ട അവധി ചോദിച്ച് മുൻകൂർ അപേക്ഷകൾ നൽകിയിരുന്നു. അപേക്ഷകൾ കൂടിയ സാഹചര്യത്തിലാണ് ഉത്തരവിടുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി.