ബാങ്കിൽ സ്വർണം പണയം വച്ച് മടക്കയാത്രയിൽ ബാഗ് സ്കൂട്ടറിൽ നിന്ന് കാണാതായി, യുവതിക്ക് രക്ഷകനായി ദേവദാസ്
സ്വർണം പണയം വച്ച് കിട്ടിയ പണവുമായി മടങ്ങുന്നതിനിടെ സ്കൂട്ടറിൽ നിന്ന് ബാഗ് നഷ്ടമായ യുവതിക്ക് രക്ഷകനായി യുവാവ്
ഹരിപ്പാട്: സ്വർണം പണയം വച്ച് കിട്ടിയ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ പണം സൂക്ഷിച്ച ബാഗ് കാണാതായി. വഴിയിൽ കിടന്ന് കിട്ടിയ ബാഗ് ഒട്ടും വൈകാതെ സ്റ്റേഷനിലെത്തിച്ച ദേവദാസ് മാതൃകയായി. റോഡിൽ നിന്നു കളഞ്ഞു കിട്ടിയ ബാഗിൽ ഒന്നരലക്ഷം രൂപയും രണ്ടു മൊബൈൽ ഫോണും കണ്ട ശേഷവും മനസ് പതറാതിരുന്ന യുവാവിനെ അഭിനന്ദിച്ച് പൊലീസ്.
മാളിയേക്കൽ ജംഗ്ഷൻ സമീപം ബോഷ് സർവീസ് സെന്റർ നടത്തുന്ന കണ്ടല്ലൂർ നോർത്ത് വേണാട്ടുതെക്കത്തിൽ ദേവദാസാണ് മാതൃകയായിരിക്കുന്നത്. പല്ലന സ്വദേശിയായ യുവതിയുടെ ബാഗ് ആയിരുന്നു യുവാവിന് റോഡിൽ നിന്ന് കിട്ടിയത്. ഇവർ ബാങ്കിൽ സ്വർണ്ണം പണയം വെച്ച ശേഷം പണവുമായി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സ്കൂട്ടറിൽ നിന്നും ബാഗ് പണം ഉൾപ്പെടെ നഷ്ടപ്പെടുന്നത്. പല്ലന സ്വദേശിയായ യുവതി ഒപ്പം ഉണ്ടായിരുന്ന യുവതിയുടെ കയ്യിലേക്ക് കുഞ്ഞിനെ കൈമാറുന്നതിനിടയിൽ ബാഗ് സ്കൂട്ടറിൽ നിന്നും വീണുപോയതെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് ഉച്ചയ്ക്ക് മുതുകുളം ഹൈസ്കൂൾ ജംഗ്ഷൻ സമീപമാണ് സംഭവം നടന്നത്. ഈ സമയം ഇതുവഴി വന്ന ദേവദാസ് ബാഗ് കാണുകയും ഉടൻതന്നെ ഇതെടുത്ത് പരിശോധിച്ചപ്പോൾ പണവും മൊബൈൽ ഫോണും ആധാർ കാർഡും ബാഗിൽ നിന്ന് ലഭിച്ചു. തുടർന്ന് കനകക്കുന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവിടെവെച്ച് പൊലീസിന്റെ സാന്നിധ്യത്തിൽ ബാഗ് യുവതിക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം