Tragic family : ''ഞങ്ങളെ രക്ഷിക്കരുത്: ഞങ്ങൾ പ്രകാശേട്ടന്‍റെ അടുത്തേക്ക് പോകുകയാണ്''
പ്രകാശന്റെ മരണത്തിന് ശേഷം പ്രിയ അടുത്ത സുഹൃത്തുകളോടും മറ്റും ഞങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്ന് പറയുമായിരുന്നു.
കോഴിക്കോട്: നാടിനെ നടുക്കിയ പേരാമ്പ്ര മുളിയങ്ങലിലെ കുടുംബത്തെ കൂട്ടമരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ അകാല വിയോഗം. സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് കുടുംബനാഥൻ പ്രകാശന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. പ്രിയയും കുട്ടികളും പ്രകാശനും തമ്മില്‍ കടുത്ത ആത്മബന്ധത്തിലായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 4 നാണ് ബേക്കറി തൊഴിലാളിയായ പ്രകാശന്‍ പെട്ടെന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
പ്രകാശന്റെ മരണത്തിന് ശേഷം പ്രിയ അടുത്ത സുഹൃത്തുകളോടും മറ്റും ഞങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്ന് പറയുമായിരുന്നു. മക്കള്‍ക്കൊപ്പം തീകൊളുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ചിരിക്കെയും പ്രിയ എല്ലാവരോടുമായി പറഞ്ഞതുമിതാണ്. "ഞങ്ങളെ രക്ഷിക്കരുത് ഞങ്ങള്‍ പ്രകാശേട്ടന്റെ അടുത്തേക്ക് പോകുകയാണ്".
കുട്ടികള്‍ മരിച്ചത് ആശുപത്രിയില്‍ വെച്ച് അറിയിച്ചപ്പോഴും പ്രിയ ഇതിനോട് പ്രതികരിച്ചിരുന്നില്ല. വിവരം മൂത്ത മകള്‍ പുണ്യയോട് പറഞ്ഞിരുന്നതായും എന്നാല്‍ പാറൂട്ടി (നിവേദ്യ)യോട് ഒന്നും പറഞ്ഞില്ലെന്നും ആശുപത്രിയില്‍ കൂടെ പോയ അയല്‍വാസിയോട് പ്രിയ പറഞ്ഞിരുന്നു. തലേ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങല്‍ അങ്ങാടിലെത്തിയാണ് മണ്ണെണ്ണ വാങ്ങിയത്.
വീട്ടിലെ വെള്ളത്തിന്റെ പൈപ്പിന്‍റെ വാല്‍വ് പൂട്ടിയ നിലയിലായിരുന്നു. ഇത് ആളുകള്‍ രക്ഷിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നെന്നാണ് സംശയിക്കുന്നത്.. രാത്രി പ്രകാശന്റെ അമ്മ ഓമനമ്മയുടെ അടുത്ത് ദിവസവും ഉറങ്ങാറുള്ള മൂത്ത കുട്ടിയുമായി പ്രിയ മാറികിടക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് കുട്ടികളുടെ കരച്ചില്‍ കേട്ട് ഓമനമ്മയാണ് പ്രിയയെയും കൂട്ടികളെയും തീപൊള്ളലേറ്റ് കണ്ടത്.
ഇവരുടെ കരച്ചില്‍ കേട്ട് നാട്ടുകാരും അയല്‍വാസികളും എത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇളയകുട്ടിയെ പ്രിയ ചേര്‍ത്ത് പിടിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നത്. മൂവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂത്തകുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. മകള്‍ മരിച്ചതറിഞ്ഞിട്ടും യാതൊരു ഭാവമാറ്റവുമില്ലാതെ കിടന്ന പ്രിയ തങ്ങളെ രക്ഷിക്കരുതെന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു. അല്‍പ്പ സമയത്തിനുള്ളില്‍ ഇളയകുട്ടിയും മരണത്തിന് കീഴടങ്ങി.
തങ്ങളെ പ്രകാശേട്ടനെ സംസ്കരിച്ചന്റെ അടുത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രിയ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ പ്രിയയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പില്‍ പ്രകാശന്റെ ശവകുടീരത്തിന് സമീപം മൂവരെയും സംസ്‌കരിച്ചു. പുണ്യ തീര്‍ത്ഥ നൊച്ചാട് ഹയര്‍ സെക്കന്ററി സകൂള്‍ വിദ്യാര്‍ത്ഥിയാണ്. നടുവണ്ണൂര്‍ കാവുന്തറ റോഡില്‍ തിരുപ്പുറത്ത് നാരായണന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങള്‍ വിജയ, ഉഷ, ജയ, ബിജിലേഷ്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)