ഡ്രൈവിംഗ് പഠിച്ചപ്പോൾ യുവതി ഇടിച്ചുതെറിപ്പിച്ചു, വാഹനങ്ങൾ നന്നാക്കി നൽകാമെന്ന് പറഞ്ഞെങ്കിലും വാക്കുമാറി, പരാതി
കുതിരവട്ടം മൈലമ്പാടി സ്വദേശി കെ. പ്രേമരാജന്റെയും ഗോവിന്ദപുരം സ്വദേശി എം.കെ. അനിൽകുമാറിന്റെയും വാഹനങ്ങളാണ് തകർന്നത്.
കോഴിക്കോട്: ഗോവിന്ദപുരം കാർ ഡ്രൈവിങ് പഠിക്കുന്നതിനിടെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. എരവത്ത് വി.കെ. കൃഷ്ണമേനോൻ പാർക്കിൽ സന്നദ്ധ സേവനം നടത്തുന്നവരുടെ ഇരുചക്ര വാഹനങ്ങളാണ് കാർ ഡ്രൈവിംഗ് പഠിക്കാനെത്തിയ സ്ത്രീ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ കേടുപാടുവന്ന വാഹനങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് നൽകിയില്ലെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. സംഭവത്തിൽ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 767/23 നമ്പർ കേസിന്റെ തൽസ്ഥിതി പതിനഞ്ചു ദിവസത്തിനകം അറിയിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.
ഒക്ടോബർ 31 ന് കോഴിക്കോട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കുതിരവട്ടം മൈലമ്പാടി സ്വദേശി കെ. പ്രേമരാജന്റെയും ഗോവിന്ദപുരം സ്വദേശി എം.കെ. അനിൽകുമാറിന്റെയും വാഹനങ്ങളാണ് തകർന്നത്. ജൂൺ ഇരുപതിന് രാവിലെ ആറിനാണ് സംഭവം. പരാതിക്കാരുടെ സ്കൂട്ടറും ബൈക്കുമാണ് തകർന്നത്. കെ. എൽ. 01 ബിസി 6870 നമ്പർ കാറിടിച്ചാണ് ഇരുചക്ര വാഹനങ്ങൾ തകർന്നത്. പ്രസന്നയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചതെന്ന് പരാതിയിൽ പറയുന്നു. നടുവട്ടം സ്വദേശിക്കൊപ്പം കാർ ഡ്രൈവിംഗ് പഠിക്കാനെത്തിയ സ്ത്രീയുടെ വാഹനമാണിതെന്നും പരാതിയിൽ ആരോപിച്ചു. ഇരുചക്ര വാഹനങ്ങൾ നന്നാക്കി തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് വാക്കുപാലിച്ചില്ല. മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.