വയനാട്ടില്‍ 21 കാരി ക്വാറി കുളത്തിൽ മരിച്ച നിലയിൽ
പ്രവീണ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻ്റെ പ്രഥമിക നിഗമനം. രാവിലെ ഒൻപതുമണിയോടെ യുവതി കുളത്തിൽ ചാടുന്നത് നാട്ടുകാർ കണ്ടിരുന്നു.
സുല്‍ത്താന്‍ബത്തേരി (വയനാട്): വയനാട്ടില്‍ യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ ചീങ്ങേരി കോളനിയിലെ പാത്തിവയല്‍ വീട്ടില്‍ രാജന്റെ മകള്‍ പ്രവീണ (21) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. അമ്പലവയല്‍ വികാസ് കോളനിയിലെ ക്വാറിക്കുളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. ബുധനാഴ്ച രാവിലെ പ്രവീണയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി കുളത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന സൂചന നാട്ടുകാര്‍ക്ക് ലഭിക്കുകയായിരുന്നു. പ്രവീണ രാവിലെ ക്വാറി കുളത്തിൽ ചാടുന്നത് ചില നാട്ടുകാർ കണ്ടിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സിനെ വിവരമറിച്ചു. ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ എത്തി തെരച്ചിൽ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി അസംഷന്‍ ആശുപത്രിക്ക് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എക്‌സ്-റേ ടെക്‌നിഷ്യന്‍ പഠനം നടത്തി വരികയായിരുന്നു യുവതി.
പ്രവീണ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻ്റെ പ്രഥമിക നിഗമനം. രാവിലെ ഒൻപതുമണിയോടെ യുവതി കുളത്തിൽ ചാടുന്നത് നാട്ടുകാർ കണ്ടിരുന്നു.
സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് പി കെ ഭരതന്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ എന്‍ ബാലകൃഷ്ണന്‍, ഐ ജോസഫ്, സി ടി സെയ്തലവി, ഫയര്‍ ഓഫീസര്‍മാരായ കെ കെ മോഹനന്‍, കെ സിജു, എ ഡി നിബില്‍ ദാസ്, എ ബി വിനീത്, അഖില്‍ രാജ്, കെ അജില്‍, പി എസ് സുജയ് ശങ്കര്‍, എ ബി സതീഷ്, ഹോംഗാര്‍ഡുമാരായ പി കെ ശശീന്ദ്രന്‍, ഫിലിപ്പ് അബ്രഹാം, ഷിനോജ് ഫ്രാന്‍സിസ് എന്നിവരാണ് ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്. അമ്പലവയല്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. അമ്പലവയൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.