പാട്ടത്തിനെടുത്ത വയൽ, കൊയ്യാൻ ഒരു മാസം മാത്രം; വയനാട്ടിൽ 2.5 ഏക്കറിലെ നെല്ല് ചവിട്ടി മെതിച്ച് കാട്ടാനകൾ

പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ പാടത്താണ് ആനകള്‍ നാശം വിതച്ചത്. ഒരു മാസം കൊണ്ട് കൊയ്യാന്‍ പാകമായ നെല്ലാണ് കാട്ടാനകള്‍ നശിപ്പിച്ചിരിക്കുന്നത്.

wild elephant destroyed paddy field in wayanad

കല്‍പ്പറ്റ: ഇടവേളക്ക് ശേഷം പനമരം മാത്തൂര്‍വയലില്‍ വീണ്ടും കാട്ടാനകളുടെ ആറാട്ട്. നാല് കിലോമീറ്റര്‍ അകലെയുള്ള പാതിരി സൗത്ത് വനത്തില്‍ നിന്ന് പുഞ്ചവയല്‍-ദാസനക്കര റോഡ് കടന്ന് രണ്ട് ദിവസങ്ങളിലായാണ് ആനകള്‍ വയലേലകളില്‍ എത്തിയത്. പുഞ്ചവയല്‍ പാടശേഖര സമിതിയിലുള്‍പ്പെട്ട നെലല്‍പ്പാടങ്ങളില്‍ ഇറങ്ങിയ ആനകള്‍ കതിരിട്ട നെല്‍ക്കതിരുകള്‍ വ്യാപകമായി ചവിട്ടിമെതിച്ചു. രണ്ടര ഏക്കറോളം ഭാഗത്തെ നഞ്ചകൃഷി ആനകള്‍ നശിപ്പിച്ചതായി കര്‍ഷകനായ പനമരം സ്വദേശി ഊഞ്ഞാലത്ത് അജ്മല്‍ പറഞ്ഞു. 

പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ പാടത്താണ് ആനകള്‍ നാശം വിതച്ചത്. ഒരു മാസം കൊണ്ട് കൊയ്യാന്‍ പാകമായ നെല്ലാണ് കാട്ടാനകള്‍ നശിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് അജ്മല്‍ ഈ വയലില്‍ കൃഷിയിറക്കുന്നത്. നിലവില്‍ പതിനായിരങ്ങളുടെ നഷ്ടമുണ്ടായതായി അജ്മല്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും ആനകളെത്തിയ നഷ്ടക്കണക്ക് കൂടും. വനപാലകര്‍ സ്ഥലത്തെത്തി നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വനാതിര്‍ത്തിയിലെ പ്രതിരോധ മാര്‍ഗ്ഗങ്ങളില്‍ ഉണ്ടായിട്ടുള്ള കേടുപാടുകള്‍ യഥാവിധി അറ്റകുറ്റപണി നടത്താത്തതാണ് ആനകളും മറ്റു വന്യമൃഗങ്ങളും എത്താനിടയാക്കിയിരിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. 

വയലുകളോട് ചേര്‍ന്നുള്ള സ്വകാര്യ തോട്ടങ്ങള്‍ പലതും കാടുമൂടി കിടക്കുകയാണ്. അതിനാല്‍ ഇവിടം കാട്ടുപന്നികളുടെ താവളമായി മാറിയിട്ടുണ്ട്. അല്‍പ്പം നേരത്തെ വയലുകളിലെത്താമെന്ന് കരുതിയാല്‍ പന്നികളുടെ ആക്രമണം ഭയന്ന് സാധ്യമാകാത്ത സ്ഥിതിയാണ്. പന്നി, മാന്‍, കാട്ടാട് തുടങ്ങിയവയെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ ചുറ്റു വേലികള്‍ ഒരുക്കിയെങ്കിലും ഇവ തകര്‍ത്ത് കൃഷിയിടത്തിലേക്കിറങ്ങുകയാണ് ഇവ.

Read More : കർണാടക രജിഷ്ട്രേഷൻ ലോറി, നാടുകാണി ചുരത്തിൽ സംശയം തോന്നി തടഞ്ഞു; ചത്ത പോത്തിന്‍റെ ജഡം തള്ളാൻ ശ്രമം പാളി

Latest Videos
Follow Us:
Download App:
  • android
  • ios