മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളിയുടെ വീട് തകര്‍ത്തു

ഉറക്കത്തിനിടെ പെട്ടെന്നുണര്‍ന്ന ബോസ് ഭാര്യയും കുട്ടിയുമായി അടുക്കളവഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു... 

wild elephant attack house collapsed in Idukki

മൂന്നാര്‍ : തൊഴിലാളികളെ മുള്‍മുനയില്‍ നിര്‍ത്തി എസ്റ്റേറ്റ് മേഖലയില്‍ കാട്ടാനകളുടെ വിളയാട്ടം. ഗുണ്ടുമലയില്‍ കാട്ടാന തൊഴിലാളിയുടെ വീട് തകര്‍ത്തു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 10 മണിയോടെയാണ് ഗുണ്ടമല എസ്‌റ്റേറ്റില്‍ ബോസ് എന്ന തൊഴിലാളിയുടെ വീട് കാട്ടാനകള്‍ തകര്‍ത്തത്. കുട്ടിയാനയ്ക്കൊപ്പമെത്തിയ ആന ബോസും കുടുംബവും കിടന്നിരുന്ന വീടിന്റെ ജനാലകള്‍ തകര്‍ത്ത് തുമ്പികൈ അകത്തേക്കിട്ടു. ഉറക്കത്തിനിടെ പെട്ടെന്നുണര്‍ന്ന ബോസ് ഭാര്യയും കുട്ടിയുമായി അടുക്കളവഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. 

രണ്ട് മണിക്കൂറോളം നിലയുറപ്പിച്ച ആനയെ നാട്ടുകാര്‍ ബഹളം വെച്ച് അവിടെ നിന്ന് ഓടിക്കുകയായിരുന്നു.  മൂന്നാര്‍ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഒന്നും -പതിനേഴും ഉള്‍പ്പെടുന്ന വാര്‍ഡാണ് ഗുണ്ടുമല. 60 കുടുംബങ്ങളിലായി 150 ഓളം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. മൊബൈല്‍ കവറേജ് ലഭിക്കാത്തതിനാല്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ അത് മറ്റുള്ളവരെ അറിയിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇവിടെയുള്ളവരുടേത്. 

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ കുട്ടിക്കൊമ്പനുമായി എത്തിയ കാട്ടാനകള്‍ കന്നുകാലികള്‍ക്കായി സൂക്ഷിച്ചിരുന്ന കാലിത്തീറ്റ അകത്താക്കിയാണ് മടങ്ങിയത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എത്തുന്ന ആനകളെ തുരത്താന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

Latest Videos
Follow Us:
Download App:
  • android
  • ios