Asianet News MalayalamAsianet News Malayalam

വയനാട്ടിൽ മൃഗങ്ങളുടെ കാടിറക്കത്തിന് ഇനിയും പരിഹാരമില്ല; ഈ വർഷം കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് നാലാമത്തെ ജീവന്‍

ആനമതില്‍, റെയില്‍പ്പാള വേലി, തൂക്കുവൈദ്യുതി വേലി, സാധാരണ വൈദ്യുതി വേലി, കിടങ്ങ്, ഏറ്റവും ഒടുവില്‍ ജിയോ ഫെന്‍സിങ് വരെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ജില്ലയുടെ പല ഭാഗത്തായി ഉണ്ട്. അപ്പോള്‍ പിന്നെ എങ്ങനെയാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത്?

wild animals arriving  to villages from forest this year lost four life in wayanad
Author
First Published Jul 17, 2024, 11:31 AM IST | Last Updated Jul 17, 2024, 12:10 PM IST

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളുണ്ട് എന്ന് ചോദിച്ചാല്‍ അധികാരികള്‍ ഒറ്റയടിക്ക് ഉത്തരം നല്‍കും. ''എല്ലാമുണ്ട്''. ശരിയാണ് ആനമതില്‍, റെയില്‍പ്പാള വേലി, തൂക്കുവൈദ്യുതി വേലി, സാധാരണ വൈദ്യുതി വേലി, എല്‍ഇഡി ലൈറ്റുകളാലുള്ള പ്രതിരോധം, പാരമ്പര്യമായി കണ്ടു വരുന്ന കിടങ്ങ്, ഏറ്റവും ഒടുവില്‍ ജിയോ ഫെന്‍സിങ് വരെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ജില്ലയുടെ പല ഭാഗത്തായി ഉണ്ട്.

അപ്പോള്‍ പിന്നെ എങ്ങനെയാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത്. മിനിമം ആനയെങ്കിലും നാട്ടിലിറങ്ങാതിരിക്കേണ്ടെ?. മേല്‍പ്പറഞ്ഞ പ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമല്ല അല്ലെങ്കില്‍ മതിയായ പരിചരണമില്ലാതെ നശിച്ചു എന്നതാണ് രണ്ടാമത്തെ ചോദ്യത്തിനുള്ള ശരിയായ ഉത്തരം. ഇത് വനംവകുപ്പ് പറയില്ലെങ്കിലും ഇവിടെയുള്ള നാട്ടുകാര്‍ അത് കാണിച്ചു തരും. യുവാവിനെ കടുവ കൊലപ്പെടുത്തിയ മൂടക്കൊല്ലിയില്‍ മതിലും വൈദ്യുതി വേലിയും ഇനിയും പൂര്‍ണമല്ല.

കഴിഞ്ഞ ദിവസം കാട്ടാന ആക്രമണം ഉണ്ടായ കല്ലൂര്‍ മേഖലയിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഈ വര്‍ഷം ജൂലായ് വരെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് കല്ലൂര്‍ കല്ലുമുക്ക് സ്വദേശിയായ മാറോട് രാജു.

ഇനിയും തങ്ങളിലാരെങ്കിലും ഏത് സമയത്തും വന്യമൃഗങ്ങള്‍ക്ക് ഇരയാകാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. തെല്ലൊന്ന് നേരത്തെ കൃഷിയിടങ്ങളിലേക്കോ ആരാധനാലയങ്ങളിലേക്കോ പോകാന്‍ കഴിയാത്ത സ്ഥിതി വന്നിട്ട് വര്‍ഷങ്ങളായെന്ന് മേഖലയിലെ സാധാരണക്കാര്‍ പറഞ്ഞു. തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ പൊലിയുമ്പോഴും വനംവകുപ്പിന്റെയും സര്‍ക്കാരിന്റെയും ഉദാസീനത വയനാട്ടില്‍ എത്തിയാല്‍ കാണാനാകും.

2024 ജനുവരി 31-നാണ് തോല്‍പ്പെട്ടി ഹബാര്‍ഗിരി എസ്റ്റേറ്റ്പാടിയില്‍ താമസക്കാരനായിരുന്ന തോട്ടം കാവല്‍ക്കാരന്‍ ലക്ഷ്മണന്‍ (50) കൊല്ലപ്പെടുന്നത്. ആന ചവിട്ടിക്കൊന്ന നിലയില്‍ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞ് കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മാസം അതായത് ഫെബ്രുവരി പത്തിനാണ്  മാനന്തവാടിക്കടുത്ത പടമല ചാലിഗദ്ദയില്‍ അജീഷ് കാട്ടാനയുടെ ആക്രമണത്തില്‍, സ്വന്തം വീടിനടുത്ത് കൊല്ലപ്പെട്ടത്. ദിവസങ്ങളുടെ മാത്രം ഇടവേളയില്‍, ഫെബ്രുവരി 16-നാണ് പുല്‍പ്പള്ളി പാക്കത്ത് കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായിരുന്ന പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോള്‍ (52) കൊല്ലപ്പെടുന്നത്. 2023 ജനുവരി മുതലുള്ള കണക്ക് നോക്കിയാല്‍ ആ വര്‍ഷം ഏഴ് മനുഷ്യ ജീവനുകളാണ് വന്യമൃഗങ്ങള്‍ക്ക് ഇരയായത്. 

അജീഷിന്റെയും പോളിന്റെയും കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ പ്രജീഷിന്റെയും മരണങ്ങള്‍ക്ക് പിന്നാലെ വയനാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങളുണ്ടായി. വിരോധാഭാസമെന്ന് പറയട്ടെ ഈ പ്രതിഷേധങ്ങള്‍ക്കൊന്നും ജില്ലയില്‍ ജനം നേരിടുന്ന സ്ഥിതിക്ക് മാറ്റം വരുത്താനായിട്ടില്ല. പ്രജീഷിന്റെ നാട്ടില്‍ പിന്നെയും പിന്നെയും വന്യമൃഗങ്ങള്‍ എത്തുന്നു. പന്നികളടക്കമുള്ള മൃഗങ്ങളില്‍ നിന്ന് ഇവിടുത്തെ മനുഷ്യര്‍ ആക്രമണം നേരിടുന്നു.

രാജുവിനെ ആന ആക്രമിച്ചപ്പോഴും കല്ലൂര്‍ ടൗണില്‍ റോഡിന് ഒത്ത നടുവില്‍ പന്തല്‍ നാട്ടി ഒരു സമരം നടന്നു. വനംവകുപ്പും പോലീസും റവന്യൂ അധികാരികളും ഒക്കെ അറിഞ്ഞ സമരം. ഫലപ്രദമായ പരിഹാരം ഉണ്ടാകും എന്നതില്‍ പ്രതീക്ഷയുണ്ടോ എന്ന കാര്യം ഇവിടുത്തെ നാട്ടുകാരോട് ചോദിച്ചു നോക്കി. ''പ്രതീക്ഷയില്ല'' എന്നതായിരുന്നു ഭൂരിപക്ഷം പേരുടെയും മറുപടി.

എത്ര ദുരന്തമുണ്ടായാലും പഠിക്കില്ല, പലതവണ ഉരുൾപൊട്ടലുണ്ടായ കുറുമ്പാലക്കോട്ടയിലെ മലകളില്‍ വ്യാപക മരം മുറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios