'ഇന്നും മഴ കാണുമ്പോൾ അവൾ ചെവിതാഴ്ത്തിയിരിക്കും'; ധനുഷ്കയുടെ കുവി ഇന്ന് ചേർത്തലയിലുണ്ട്, 'കൃഷ്ണകൃപ'യിലെ അരുമ

ധനുഷ്കയുടെ ഓർമകൾ ഇന്നും കൂടെയുള്ളതുകൊണ്ടാവാം അജിത്തിന്റെ മകൾ ഇളയോട് എപ്പോഴും ഒരടുപ്പം കൂടുതലുണ്ട് കുവിക്ക്.

when she sees rain she keeps her ears down and sit Dhanushkas Kuvi is in Cherthala

ചേർത്തല: പെട്ടിമുടിയിൽ നാല് വർഷം മുൻപ് ഉരുൾപൊട്ടലുണ്ടായപ്പോൾ ദുരന്ത ഭൂമിയിലെ നൊമ്പരക്കാഴ്ചയായിരുന്നു ഉറ്റവരെ തേടി അലഞ്ഞ കുവി എന്ന നായ. ഉറ്റകൂട്ടുകാരി രണ്ട് വയസുകാരിയായ ധനുഷ്‌കയുടെ ചലനമറ്റ ശരീരം കിലോമീറ്ററുകൾക്കപ്പുറം കണ്ടെത്തിയത് കുവിയാണ്. ആ കുവി എന്ന നായ ഇപ്പോൾ ആലപ്പുഴ ചേർത്തലയിലാണുള്ളത്. അടിമാലി സ്റ്റേഷനിൽ സീനിയർ സിപിഒ ആയ അജിത്തിന്‍റെ വീട്ടിലാണ് ഇന്ന് കുവിയുള്ളത്. കൃഷ്ണകൃപയെ വീട്ടിൽ അജിത്തിന്‍റെ മാതാപിതാക്കളായ മാധവൻകുട്ടി, ശാന്തകുമാരി, ഭാര്യ ആരതി, മകൾ ഇള എന്നിവരുടെ അരുമയാണ് ഇന്ന് കുവി.

2020 ഓഗസ്റ്റ് ആറിന് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തകർക്കു കണ്ടെത്താൻ കഴിയാതെ വന്ന ധനുഷ്ക എന്ന കൊച്ചുകുട്ടിയുടെ മൃതദേഹം കുവി കാട്ടിക്കൊടുത്തപ്പോൾ കണ്ട് നിന്നവർക്ക് പോലും സങ്കടം നിയന്ത്രിക്കാനായില്ല. ധനുഷ്കയെ കൂടാതെ മൂന്ന് പേരുടെ മൃതദേഹവും മണ്ണിനടിയിലുണ്ടെന്ന് കാട്ടി കൊടുത്തത് കുവിയാണ്. പരിശീലനം ലഭിച്ച പോലീസ് നായ്ക്കളെ പോലും പിന്നിലാക്കിയ കുവി, പൊലീസ് ഉന്നതങ്ങളിൽ പോലും ചർച്ചയായി. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തോടെ പൊലീസ് സേനയുടെ കെ9 സ്ക്വാഡിൽ എത്തിയതോടെ സോഷ്യൽ മീഡിയയിലും താരമായി മാറി.

ഇടുക്കി ഡോഗ് സ്ക്വാഡിൽ പരിശീലകനായിരുന്ന അജിത് മാധവൻ പുസ്തക രചനയ്ക്കായി നീണ്ട അവധിയിൽ പ്രവേശിച്ചതോടെ ചേർത്തലയിലെ സ്വന്തം വീട്ടിലേക്ക് കുവിയെ കൊണ്ടുപോന്നു. ധനുഷ്കയുടെ ഓർമകൾ ഇന്നും കൂടെയുള്ളതുകൊണ്ടാവാം അജിത്തിന്റെ മകൾ ഇളയോട് എപ്പോഴും ഒരടുപ്പം കൂടുതലുണ്ട് കുവിക്ക്. ഇന്നും മഴ കാണുമ്പോൾ കുവി ചെവി താഴ്ത്തി ഇരിക്കാറുണ്ട്. 

കുറച്ചു മാസങ്ങൾക്കു മുമ്പ് ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത 'നജസ്' എന്ന സിനിമയിൽ കുവി പ്രധാന താരമായിരുന്നു. ചിലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നജസിന് 5 അവാർഡുകളും ഇതിനോടകം വാരിക്കൂട്ടി. പൊലീസ് നായകളുടെ പരിശീലന രംഗത്ത് തല്പരനായ അജിത്ത് മാധവൻ പല സർക്കാർ ജോലികളും വേണ്ടെന്ന് വച്ചാണ് പൊലീസിന്റെ ഡോഗ് സ്ക്വാഡിൽ ചേർന്നത്.

പൊലീസ് നായകളെ കുറിച്ച് ഏഴ് വാല്യമുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ അജിത് മാധവൻ. ആദ്യ പുസ്തകമായ 'ട്രാക്കിങ്' അടുത്ത മാസം പ്രകാശനം ചെയ്യും. നായകളുടെ പരിശീലനം, അവയുടെ ആശയവിനിമയം, കഡാവർ നായ്ക്കളെ കുറിച്ച്, ബോംബ് പോലുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്ന പരിശീലനം തുടങ്ങിയവയാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ചേർത്തലയിലുള്ള കുവിയെ കാണാനും കൂടെ നിന്ന് സെൽഫി എടുക്കാനും ആളുകളുടെ തിരക്കാണ്.

ഒറ്റയടിക്ക് 30 കോടി മുട്ടകളിടും, 2000 കിലോ വരെ ഭാരം, കടലിലെ പാവത്താൻ; വിഴിഞ്ഞത്ത് അപൂർവകാഴ്ചയായി സൂര്യമത്സ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios