ബംഗാളി ചായ, ബംഗാളി സമൂസ, എല്ലാം ബംഗാളി മയം; മലപ്പുറത്ത് പേരും മെനുവും വരെ ബംഗാളിയിലായ ഹോട്ടലുണ്ടായത് ഇങ്ങനെ
ബംഗാളിൽനിന്ന് കെട്ടിടനിർമാണ തൊഴിലാളിയായാണ് അക്രം തിരൂരിലെത്തിയതെങ്കിലും ഇടയ്ക്ക് തൊഴിലാളികളുടെ മെസ്സിൽ ഭക്ഷണമുണ്ടാക്കി കൊടുക്കും.
മലപ്പുറം: കേരളത്തിലിപ്പോൾ എവിടേക്ക് തിരിഞ്ഞാലും ഒരു ഇതര സംസ്ഥാന തൊഴിലാളിയെ എങ്കിലും കാണാം. എല്ലാ മേഖലയിലും ഇതര സംസ്ഥന തൊഴിലാളികളുടെ കൈ പതിഞ്ഞിട്ടുണ്ട്. ഹോട്ടലുകളിൽ നേരത്തെ ജോലിക്ക് നിന്നിരുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളി കേരളത്തിൽ സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങിയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം.
പശ്ചിമബംഗാളിലെ ബർദ്വാൻ സ്വദേശി അക്രമിന്റേതാണ് പുതിയ ഹോട്ടൽ. തിരൂർ ബസ്‌സ്റ്റാൻഡ്-ചെമ്പ്ര റോഡിൽ കോട്ട് എ.എം.യു.പി. സ്‌കൂളിനു സമീപമാണ് 'അക്രമിന് കൊൽക്കത്ത ഹോട്ടൽ ആൻഡ് റെസ്റ്ററന്റ്സ്' ഉള്ളത്. ബംഗാളി ഭാഷ മാത്രമല്ല മലയാളവും അക്രമിന് വശമാണ്. 15 വർഷം മുൻപ് കേരളത്തിൽ എത്തിയതാണ് അക്രം. കെട്ടിട നിർമാണ തൊഴിലാളി ആയിട്ടാണ് തിരൂരിൽ എത്തിയത്.
ഉടമ മാത്രമല്ല തൊഴിലാളികളും ബോർഡും മെനുവുമൊക്കെ ബംഗാളിയിലും നൽകിയിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ വരുന്നവരും ബംഗാളികൾ.
ബംഗാളിൽനിന്ന് കെട്ടിടനിർമാണ തൊഴിലാളിയായാണ് അക്രം തിരൂരിലെത്തിയതെങ്കിലും ഇടയ്ക്ക് തൊഴിലാളികളുടെ മെസ്സിൽ ഭക്ഷണമുണ്ടാക്കി കൊടുക്കും. ഇതിനിടെയാണ് തന്റെ നാട്ടുകാർക്ക് അവരുടേതായ ഭക്ഷണമുണ്ടാക്കിക്കൊടുക്കണമെന്നും അതിനായി ബംഗാളി ഹോട്ടൽ തുടങ്ങണമെന്നും ആഗ്രഹം തോന്നിയത്.
മൂന്നുലക്ഷം രൂപയോളം ചെലവാഴിച്ചാണ് ഹോട്ടൽ സംരംഭം തുടങ്ങിയത്. ഒന്നരലക്ഷം രൂപ സ്വന്തം പോക്കറ്റിൽ നിന്നും ബാക്കി തുക ബംഗാളിൽ നിന്ന് വായ്പയെടുക്കുകയുമായിരുന്നു. മലയാള മണ്ണിൽ പക്കാ ബംഗാളി സ്റ്റൈൽ ഭക്ഷണമാണ് ഇവരുടെ മെനു. ബംഗാളി ചായ, ബംഗാളി സമൂസ, ബംഗാളി മസാല ബോണ്ട, ബംഗാളി ബിരിയാണി, ബംഗാളി ബീഫ്, ചിക്കൻ കറി അങ്ങനെ ഇവിടെയെല്ലാം ബംഗാളിയാണ്. ബസുമതി അരികൊണ്ടാണ് ബിരിയാണി. ചിക്കൻ ബിരിയാണിക്ക് 100 രൂപയും ബീഫ് ബിരിയാണിക്ക് 120 രൂപയുമാണ് വില. ബംഗാളി പൊറോട്ട ഉടൻ തുടങ്ങാനും പദ്ധതിയുണ്ട്. ദിവസവും നൂറുവരെ അതിഥിത്തൊഴിലാളികൾ ഇവിടെ എത്തുന്നുണ്ട്. ഭാര്യ ഹരീദയും സഹായത്തിനുണ്ട്.
മൂന്നാറിലെ സഞ്ചാരികൾക്ക് പുതുവത്സര സമ്മാനം; കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ചെയ്തു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം