മാഹിയില്‍ പോയി മദ്യപിച്ചു, പിന്നാലെ വാക്കുതര്‍ക്കം, സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം, യുവാവ് പിടിയിൽ
പണം നൽകാത്തതിലുള്ള മുൻവൈരാഗ്യമാണ് വിനീതിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. പെരുവണ്ണാമുഴി മുതുകാട് സ്വദേശി അജിത്തിനെയാണ് ആക്രമിച്ചത്. സംഭവത്തിൽ നീലേച്ചുകുന്ന് സ്വദേശി വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി കുറ്റ്യാടി പൊലീസ് സ്റ്റേഷൻ റോഡിന് സമീപത്താണ് സംഭവം.
ഇരുവരും മാഹിയിൽ മദ്യപിക്കാൻ പോയി തിരിച്ചെത്തിയ ശേഷമുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. മുതുകാട് സ്വദേശി അജിത്തിനെ വിനീത് വടി കൊണ്ട് തലയ് ക്കടിക്കുകയായിരുന്നു. പണം നൽകാത്തതിലുള്ള മുൻവൈരാഗ്യമാണ് വിനീതിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജിത് ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റ്യാടിയിലെ ബാർബർ ഷോപ്പ് ജീവനക്കാരനാണിയാൾ. രാത്രിയിൽ തന്നെ കസ്റ്റഡിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 307 വകുപ്പ് പ്രകാരം വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.