മേയാൻവിട്ട പോത്തിനെ തിരക്കി വനത്തിലേക്ക് പോയി; കാട്ടാന ആക്രമിച്ചു, കാലടി സ്വദേശി കര്‍ണാടകയില്‍ കൊല്ലപ്പെട്ടു
കര്‍ണാടക ചിക്കമംഗളൂരു നരസിംഹരാജപുരയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കെ. ഏലിയാസ് (76) കൊല്ലപ്പെട്ടു.
ബെംഗളൂരു: കര്‍ണാടക ചിക്കമംഗളൂരു നരസിംഹരാജപുരയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കെ. ഏലിയാസ് (76) കൊല്ലപ്പെട്ടു. മേയാന്‍ വിട്ട പോത്തിനെ അന്വേഷിച്ചു മകനൊപ്പം വീടിനോടു ചേര്‍ന്നുള്ള വനത്തിലെത്തിയപ്പോഴാണു കാട്ടാന ആക്രമിച്ചത്. മൃതദേഹം നരസിംഹരാജപുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നരസിംഹരാജ താലൂക്കില്‍ ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഏലിയാസ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷി ആവശ്യത്തിനായി കര്‍ണാടകയിലേക്ക് കുടിയേറിയതാണ് ഏലിയാസിന്‍റെ കുടുംബം. പോത്തിനെ അന്വേഷിച്ച് വനത്തിലേക്ക് പോയ ഏലിയാസിനെ പിന്നില്‍ നിന്നാണ് കാട്ടാന ആക്രമിച്ചതെന്ന് മകന്‍ പറഞ്ഞു. ആന ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റാണ് ഏലിയാസ് മരിക്കുന്നത്. പടക്കം പൊട്ടിച്ച് കാട്ടാനയെ ഓടിക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തത്ക്ഷണം തന്നെ ഏലിയാസ് മരിച്ചു.
നവംബറില്‍ ഉമേഷ് എന്ന യുവാവും സീതാപുരയില്‍ സമാനമായ രീതിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മനുഷ്യ മൃഗ സംഘര്‍ഷം തുടര്‍ച്ചയായി നടക്കുന്ന മേഖലയാണിത്. അന്നത്തെ സംഭവം നടന്നതിങ്ങനെയാണ്. കാട്ടാനയിറങ്ങിയപ്പോള്‍ തുരത്താനിറങ്ങിയതാണ് ആളുകള്‍. ഇവര്‍ തിരികെ പോയപ്പോള്‍ ഉമേഷ് കൂട്ടിത്തിലുണ്ടായിരുന്നില്ല. തിരികെ കാട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് ഉമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.