ജനമൈത്രി പൊലീസിന്‍റെ സർപ്രൈസ് ഗിഫ്റ്റ്, ദ്രൗപദിയമ്മയുടെ കണ്ണുകൾ തിളങ്ങി, പിന്നെ മനസു നിറഞ്ഞ് ചിരിച്ചു
മൂന്നര പതിറ്റാണ്ടിലധികം തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു ദ്രൗപദിയമ്മ
വൈത്തിരി: പുസ്തകങ്ങള്‍ വായിച്ചാലും വായിച്ചാലും മതിയാവില്ല 70കാരിയായ ദ്രൗപദിയമ്മയ്ക്ക്. വയനാട്ടിലെ പൊഴുതന മുത്താറിക്കുന്ന് സ്വദേശിനിയായ ദ്രൗപദിയമ്മയുടെ വായനാ പ്രേമമറിഞ്ഞ് വയനാട് ജില്ലാ ജനമൈത്രി പൊലീസ് ഒരുകെട്ട് പുസ്തകങ്ങളുമായി എത്തി. പുസ്തകങ്ങള്‍ കണ്ട് ദ്രൗപദിയമ്മയുടെ കണ്ണുകൾ തിളങ്ങി. പിന്നെ മനസു നിറഞ്ഞ് ചിരിച്ചു.
ദ്രൗപദിയമ്മയ്ക്ക് എന്നും ഏറെ പ്രിയം പുസ്തകങ്ങളോടാണ്. വായനയുടെ ലോകത്ത് അര നൂറ്റാണ്ടിലധികമായി സഞ്ചരിക്കുകയാണ് അവര്‍. മൂന്നര പതിറ്റാണ്ടിലധികം തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു ദ്രൗപദിയമ്മ. വിശ്രമ ജീവിതം വായനക്കായി ഉഴിഞ്ഞുവെച്ചിരിക്കുകയാണ് അവര്‍.
14 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് ദ്രൗപദിയമ്മയുടെ വായന. മലയാളത്തിലെ ഒട്ടുമിക്ക പുസ്തകങ്ങളും ദ്രൗപദിയമ്മ വായിച്ചുതീർത്തു. അമ്മ പങ്കജാക്ഷിയമ്മയും നല്ല വായനക്കാരിയായിരുന്നുവെന്നും അവരിൽ നിന്നാണ് തനിക്ക് വായനാശീലം കിട്ടിയതെന്നും ദ്രൗപദിയമ്മ പറയുന്നു. വൈത്തിരി പൊലീസിന്റെ പൊഴുതനയിലുള്ള വയോജന കൂട്ടായ്മയില്‍ 10 വർഷത്തോളമായി അംഗമാണ് ദ്രൗപദിയമ്മ. ഇവരുടെ പുസ്തക പ്രേമം മനസ്സിലാക്കി ജില്ലയിലെ പൊലീസുദ്യോഗസ്ഥരിൽ നിന്ന് സമാഹരിച്ച 25 ഓളം പുസ്തകങ്ങളാണ് വൈത്തിരി പൊലീസ് ദ്രൗപദിയമ്മയെ കാണാനെത്തിയത്. എഴുപതാം വയസ്സിലും ഇടമുറിയാത്ത വായന തുടരുകയാണ് ദ്രൗപദിയമ്മ.