'സൂര്യഗ്രഹണം ഒരുമിച്ച് കണ്ടു, അവരെല്ലാം ഇന്നും ജീവിച്ചിരിക്കുന്നു'; ശാസ്ത്രത്തോടൊപ്പമെന്ന് ആര്യ രാജേന്ദ്രൻ
ബാലസംഘം സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കുമ്പോള്‍ 2019 ഡിസംബർ 26ന് ഉണ്ടാകുന്ന സൂര്യഗ്രഹണം കാണാൻ ബാലസംഘം കൂട്ടുകാർ ആഹ്വാനം ചെയ്തു.
തിരുവനന്തപുരം: സ്പീക്കര്‍ എ എൻ ഷംസീറിന്‍റെ ഗണപതി പരാമര്‍ശം വിവാദമാകുമ്പോള്‍ ശാസ്ത്രത്തോടൊപ്പം എന്ന് ഉറക്കെ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങാൻ പാടില്ല എന്നും ഭക്ഷണം കഴിക്കാൻ പാടില്ല എന്നും അങ്ങനെ ചെയ്താൽ മരണം വരെ സംഭവിക്കാം എന്നും പണ്ട് അന്ധവിശ്വാസമുണ്ടായിരുന്നു എന്ന് ആര്യ ഫേസ്ബുക്കിൽ കുറിച്ചു. ബാലസംഘം സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കുമ്പോള്‍ 2019 ഡിസംബർ 26ന് ഉണ്ടാകുന്ന സൂര്യഗ്രഹണം കാണാൻ ബാലസംഘം കൂട്ടുകാർ ആഹ്വാനം ചെയ്തു.
എല്ലാവരും സൂര്യഗ്രഹണം ഒരുമിച്ചു കാണുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അന്ന് സൂര്യഗ്രഹണം കണ്ടവരെല്ലാം ഇന്നും ജീവിച്ചിരിക്കുന്നുവെന്നും അതിൽ താനുമുണ്ടെന്നും ആര്യ പറഞ്ഞു. അതേസമയം, എ എന്‍ ഷംസീറിന്‍റെ പ്രസ്താവനയെ ചൊല്ലിയുള്ളത് അനാവശ്യ വിവാദമാണെന്നാണ് സിപിഎം നിലപാട്. രാഷ്ട്രീയ പ്രതിരോധം എന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് സിപിഎം. സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്നാണ് സംശയം.
എന്‍എസ്എസിന്‍റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്‍റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവ്വ ശ്രമമെന്നാണ് വിലയിരുത്തല്‍. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞതെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. ഷംസീർ പറഞ്ഞതിൽ തെറ്റില്ല. ഷംസീർ രാജിവയ്ക്കുക, മാപ്പു പറയുക എന്ന ക്യാമ്പയിൻ നടക്കുന്നുണ്ട്.
അതിനോട് സിപിഎമ്മിന് യോജിപ്പില്ല. ശാസ്ത്രീയമായ നിലപാട് ഊന്നി പറയുക എന്നതാണ് നിലപാട്. ഇനിയും അത് തുടരും. എല്ലാവരോടും അതാണ് നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഹൈന്ദവരുടെ ആരാധന മൂർത്തിക്കെതിരായ എ എൻ ഷംസീറിന്‍റെ വിമർശനം സ്പീക്കർ പദവിക്ക് യോജിച്ചതല്ലെന്നായിരുന്നു എൻഎസ്എസ് വിമര്‍ശനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം