'താലിയും മാലയും വാങ്ങിയിരുന്നില്ല,ആരുടേയും കണ്ണിൽപ്പെടാതിരിക്കാൻ പോയതാവാം'; വിഷ്ണുജിത്തിന്റെ അമ്മ
ഉറങ്ങിയെഴുന്നേറ്റ വസ്ത്രത്തിലാണ് വിഷ്ണു വീട് വിട്ടത്. ആ സമയത്ത് മകന്റെ അവന്റെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നും വിഷ്ണുജിത്തിന്റെ അമ്മ
മലപ്പുറം: കല്യാണത്തിന് ആവശ്യമായ പണം കണ്ടെത്താൻ കഴിയാത്തത് ആകാം മകനെ വീട് വിടാൻ പ്രേരിപ്പിച്ചതെന്ന് മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന്റെ അമ്മ ജയയുടെ പ്രതികരണം. താലിയും മാലയും വാങ്ങിയിരുന്നില്ല. ഇത് താൻ വാങ്ങിക്കൊള്ളാമെന്നായിരുന്നു വിഷ്ണുജിത്ത് പറഞ്ഞിരുന്നത്. പണത്തിന്റെ ബുദ്ധിമുട്ടിനേക്കുറിച്ച് മകൻ പറഞ്ഞിരുന്നില്ല. പാലക്കാട് ഒരു ഐസ്ക്രീം കമ്പനിയിലായിരുന്നു വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്. പാലക്കാടേയ്ക്ക് പോയത് പണം സംഘടിപ്പിക്കാനായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും വിഷ്ണുജിത്തിന്റെ അമ്മ പ്രതികരിച്ചത്. ഉറങ്ങിയെഴുന്നേറ്റ വസ്ത്രത്തിലാണ് വിഷ്ണുജിത്ത് വീട് വിട്ടത്. ആ സമയത്ത് മകന്റെ അവന്റെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നും ജയ പറയുന്നു.
കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിനിയുമായായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. സാമ്പത്തിക ഇടപാടിന്‍റെ പേരിൽ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തെന്ന ആശങ്കയിലായിരുന്നു കുടുംബമുണ്ടായിരുന്നത്.
ഇതിനിടയിലാണ് കാണാതായി ആറാം നാൾ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തിയത്. ഫോൺ ഓണായത് തുമ്പായെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇന്നലെ രാത്രി കുനൂരിൽ വച്ച് ഫോൺ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പൊലീസ് ഊട്ടിയിൽ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം