വില്ലേജ് ഓഫീസിൽ റെക്കോഡ് ബുക്കുകളിൽ നിറയെ 500 നോട്ടുകൾ; 'ഐഡിയ കൊള്ളാം പക്ഷേ' തിരുവനന്തപുരം വിജിലൻസ് പൊക്കി
പഴയ റെക്കോർഡ് ബുക്കുകൾ പരിശോധിച്ച വിജിലൻസ് സംഘത്തിന് നിരവധി റെക്കോർഡ് ബുക്കുകൾക്ക് അകത്ത് നിന്ന് 500 ന്‍റെ നോട്ടുകൾ കിട്ടി
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വെള്ളറട വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. പരിശോധനക്കിടെ പഴയ റെക്കോർഡ് ബുക്കുകളിൽ സംശയം തോന്നിയതോടെയാണ് വില്ലേജ് ഓഫീസിലെ കള്ളക്കളി വെളിച്ചത്തുവന്നത്. പഴയ റെക്കോർഡ് ബുക്കുകൾ പരിശോധിച്ച വിജിലൻസ് സംഘത്തിന് നിരവധി റെക്കോർഡ് ബുക്കുകൾക്ക് അകത്ത് നിന്ന് 500 ന്‍റെ നോട്ടുകൾ കിട്ടി. വെള്ളറട വില്ലേജ് ഓഫീസിലെ മൊത്തം റെക്കോർഡ് ബുക്കുകളിൽ നിന്നായി കണക്കിൽപ്പെടാത്ത 10000 രൂപ പിടിച്ചെടുത്തെന്നാണ് വിജിലൻസ് സംഘം അറിയിച്ചത്.
സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ 2 യൂണിറ്റാണ് പരിശോധന നടത്തിയത്. പഴയ റിക്കോർഡുകൾക്കിടയിലാണ് പണം സൂക്ഷിച്ചിരുന്നതെന്ന് വിജിലൻസ് ആന്‍റികറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 ടീം പറഞ്ഞു. ഡി വൈ എസ് പി അനിൽകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സജി മോഹനൻ, സതീഷ്, രാജേഷ്, വിജിത്ത്, ഷബ്‌ന, പ്രേം ലാൽ എന്നിവരാണ് പരിശോധന നടത്തിയ വിജിലൻസ് ആന്‍റികറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 സംഘത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി എന്നതാണ്. തിരുവനന്തപുരം കോർപറേഷൻ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺകുമാറിനെ 2000 രൂപ കൈക്കൂലി പണവുമായാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ആറ്റിപ്ര കരിമണൽ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേർന്ന് വാങ്ങിയ ഫ്ലാറ്റിന്‍റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പ് പരാതിക്കാരൻ ആറ്റിപ്ര സോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പരിശോധനക്കെത്തിയ റവന്യൂ ഇൻസ്പെക്ടറായ അരുൺകുമാർ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നടപടികൾ ത്വരിതഗതിയിലാക്കുന്നതിന് കൈക്കൂലിയുമായി ബുധനാഴ്ച ഓഫിസിൽ എത്തണമെന്ന് ആവശ്യപ്പെട്ടു. പരാതിക്കാരൻ വിവരം വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആർ വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ബുധനാഴ്ച വൈകുന്നേരം മുന്നരയോടെ ഓഫീസിൽവെച്ച് പരാതിക്കാരനിൽനിന്ന് 2,000 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടുകയായിരുന്നു.