കടുവയെ ഭയന്ന് ജാനമ്മ വിറ്റത് നാല് പശുക്കളെ; ജീവന്‍ തിരികെ കിട്ടിയ ആശ്വാസത്തില്‍ വിലാസിനി

ഒരു മാസം മുമ്പ് വരെ പൊന്‍മുടിക്കോട്ടയിലെ ജാനമ്മയുടെ ജീവിതമാര്‍ഗമായിരുന്നു പശുക്കള്‍. ഒരു അര്‍ധരാത്രിയായിരുന്നു അത് സംഭവിച്ചത്. വീട്ടില്‍ അരുമയായി വളര്‍ത്തിയ പട്ടിയെ കടുവ കൊണ്ടുപോയി. 

Village of sulthan bathery in fear of tiger  Reactions of the natives ppp

സുല്‍ത്താന്‍ബത്തേരി: ഒരു മാസം മുമ്പ് വരെ പൊന്‍മുടിക്കോട്ടയിലെ ജാനമ്മയുടെ ജീവിതമാര്‍ഗമായിരുന്നു പശുക്കള്‍. ഒരു അര്‍ധരാത്രിയായിരുന്നു അത് സംഭവിച്ചത്. വീട്ടില്‍ അരുമയായി വളര്‍ത്തിയ പട്ടിയെ കടുവ കൊണ്ടുപോയി. ഇനി കടുവക്ക് ഇരയാകാനുള്ള തന്റെ പശുക്കളാണെന്ന് ജാനമ്മക്ക് അറിയാമായിരുന്നു. എങ്കിലും പശുക്കളുമായി ജീവിക്കാമെന്ന് വെച്ചു. എന്നാല്‍ ഒരു ദിവസം കറവക്കായി എഴുന്നേറ്റപ്പോള്‍ പറമ്പിനോട് ചാരി നില്‍ക്കുന്ന കാപ്പി എസ്റ്റേറ്റില്‍ നിന്ന് കടുവയുടെ മുരള്‍ച്ച കേട്ടു. പേടിച്ച് തൊഴുത്തിലിരുന്ന് കറവ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 

തുടര്‍ച്ചയായ ദിവസങ്ങളില്‍ തന്റെ പശുക്കളെ ലക്ഷ്യം വെച്ചാണ് കടുവ എത്തുന്നതെന്ന് മനസിലായതോടെയാണ് കാലികളെ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ജാനമ്മ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അന്തി മയങ്ങി തുടങ്ങിയാല്‍ സമീപത്തെ കാപ്പിത്തോട്ടത്തില്‍ നിന്ന് കടുവയുടെയും പുലിയുടെ കരച്ചില്‍ വ്യക്തമായി കേള്‍ക്കാമെന്ന് ജാനമ്മ പറയുന്നു. വെളുപ്പിന് പശുക്കളെ കറക്കാന്‍ എത്താന്‍ പേടിയായതോടെയാണ് കാലികളെ വിറ്റൊഴിവാക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കടുവ കന്നുകാലികളെ പിടിക്കുന്നത് തടയാന്‍ പല വിദ്യകളും പ്രയോഗിച്ച് നോക്കിയെങ്കിലും എല്ലാം വെറുതെയായെന്നും ഇപ്പോള്‍ തൊഴുത്ത് വിറകുപുരയായെന്നും ജാനമ്മ പറഞ്ഞു.

ജാനമ്മയുടെ നാലഞ്ച് വീടുകള്‍ക്കപ്പുറത്ത് താമസിക്കുന്ന വിലാസിനിയും കടുവയെ ഭയന്നുള്ള ജീവിതം ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെച്ചു. ഒരു ദിവസം പുലര്‍കാലത്ത് തൊഴുത്തിലെത്തി കറവ തുടങ്ങിയിരുന്നു. പൊടുന്നനെയാണ് താഴെ റോഡില്‍ നിന്നും കടുവയുടെ ഭയാനകമായ അലര്‍ച്ച കേട്ടത്. ഞെട്ടിവിറച്ച് പാത്രം നിലത്തിട്ട് ഉച്ചത്തില്‍ നിലവിളിച്ചു. ഉറങ്ങിക്കിടന്ന മക്കള്‍ ഓടിവന്നാണ് രക്ഷിച്ചത്. ലൈറ്റ് തെളിച്ചിട്ടും പേടിയില്ലാത്ത ഭാവത്തിലായിരുന്നു കടുവ. പതുക്കെയാണ് അത് സമീപത്തെ എസ്റ്റേറ്റിലേക്ക് കയറിപോയത്. വിലാസിനി പറഞ്ഞു.

 മുമ്പ് പുല്ല് വെട്ടിക്കൊണ്ടിരിക്കെ ഏതാനും മീറ്റര്‍ മാത്രം അകലത്തിലെത്തി  കടുവ അലറിയിരുന്നു. വേലിക്ക് മുകളിലൂടെ ചാടിയ തന്നെ സമീപവാസികള്‍ ഓടിയെത്തിയാണ് അന്ന് രക്ഷിച്ചത്. വിലാസിനി പറഞ്ഞു. സമീപത്ത് ഒന്നും കാടില്ലെന്നിരിക്കെ ഇത്രയധികം കടുവകള്‍ എങ്ങിനെ പ്രദേശത്ത് എത്തിയെന്നറിയില്ലെന്നും ധാരാളം പച്ചപ്പുല്‍ ലഭിക്കുന്ന സ്ഥലമായിട്ടുപോലും കടുവയെയും പുലിയെയും ഭയന്ന് കച്ചി (വൈക്കോല്‍) മാത്രം നല്‍കി പശുക്കളെ വളര്‍ത്തേണ്ട ഗതികേടിലാണെന്നും വിലാസിനി കൂട്ടിച്ചേര്‍ത്തു.  

ജാനമ്മയും വിലാസിനിയും പറഞ്ഞതു പോലെ തന്നെ ഇതിന് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിഘട്ടങ്ങളെ നേരിടുകയാണ് നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പൊന്‍മുടിക്കോട്ടയും പരിസരങ്ങളും. നിരവധി സ്വാകാര്യ തോട്ടങ്ങള്‍ ഉള്ള ഇവിടെ ആയിരത്തിലധികം ഏക്കര്‍ വരുന്ന എസ്റ്റേറ്റുകളിലൊന്നിലാണ് കടുവയും പുലിയും വിഹരിക്കുന്നതെന്ന് പറയുന്നു. ഈ എസ്റ്റേറ്റിന് ചാരിയാണ് ജനവാസപ്രദേശങ്ങളുള്ളത്. സന്ധ്യമയങ്ങിയാല്‍ എസ്റ്റേറ്റില്‍ നിന്നെത്തുന്ന കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണ്. പകല്‍ പോലും റോഡിലൂടെ നടന്നു പോകുന്നവരെ കാണാനില്ല. എട്ടുമാസത്തലധികമായി ഇത്തരത്തില്‍ ഭീതിയുടെ മുള്‍മുനയിലാണ് പൊന്‍മുടിക്കോട്ടക്കാരുടെ ജീവിതം.

മാസങ്ങള്‍ക്ക് മുമ്പ് ഒരു കടുവ കൂട്ടിലകപ്പെട്ടതിന് ശേഷമാണ് ലോക്ഡൗണിന് സമാനമായ അവസ്ഥയിലേക്ക് പ്രദേശം മാറിയത്. റോഡിലൂടെ ആളുകള്‍ നടന്നുപോകുന്ന രീതി തന്നെ മാറി. ഇരുചക്ര വാഹനങ്ങള്‍ വരെ ഉപേക്ഷിച്ച് മറ്റു വാഹനങ്ങളിലാണ് ഗ്രാമീണരുടെ യാത്ര. ഇടറോഡുകളിലൂടെ റോന്തുചുറ്റുന്ന വനപാലകസംഘത്തിന്റെയും എസ്റ്റേറുകളുടെയും വാഹനങ്ങളാണ് ഇപ്പോള്‍ എപ്പോഴുമുള്ള കാഴ്ച. കുട്ടികളെ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുവിടണം. ഇവര്‍ വീട്ടിലെത്തിയാല്‍ മുറ്റത്തിരുന്നു പോലും കളിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുകയാണ് ജനങ്ങള്‍. ജാനമ്മയെ പോലെ വേറെയും കര്‍ഷകര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കിട്ടിയ വിലക്ക് വിറ്റൊഴിവാക്കിയതായി പ്രദേശവാസികള്‍ പറഞ്ഞു. പ്രായമായ അമ്മയ്ക്കും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്ന തങ്കച്ചന്‍ ആകെയുണ്ടായിരുന്ന പശുക്കളെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിറ്റത്. തൊഴുത്തിനുസമീപം രണ്ടുതവണ കടുവയെ കണ്ടതോടെയാണ് ആശങ്കയിലായതും പശുക്കളെ ഒഴിവാക്കിയതും.

Read more: മനുഷ്യ മൃഗ സംഘർഷം ഗൗരവതരം; വന്യജീവി ആക്രമണങ്ങളിലെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കും

ഇരുപത് ആടുകളുണ്ടായിരുന്ന മുരളിയുടെ ആട്ടിന്‍കൂട് ഇപ്പോള്‍ വിറകുപുരയാണ്. അടുത്തവീട്ടിലെ ആടിനെ കടുവ ആക്രമിച്ചതോടെ മുരളി കിട്ടിയവിലയ്ക്ക് ആടുകളെ വില്‍ക്കുകയായിരുന്നു. ജീവിതം പൊറുതിമുട്ടിയതോടെയാണ് റോഡ് ഉപരോധസമരങ്ങളടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ നീങ്ങിയത്. ഏതായാലും വനപ്രദേശം അടുത്തെങ്ങുമില്ലാത്ത പൊന്‍മുടിക്കോട്ടയെന്ന ഗ്രാമം വന്യമൃഗങ്ങളെ പേടിച്ച് നാളുകള്‍ തള്ളിനീക്കുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios