മെഡിക്കൽ കോളേജ് സ്റ്റാഫ് പാർക്കിങ് ഏരിയയിൽ വ്യാജ സ്റ്റിക്കറുകളുമായി വാഹനങ്ങൾ; തടയാന്‍ പുതിയ വഴിയുമായി അധികൃതർ
മെഡിക്കൽ കോളേജിന്റെ ലോഗോ ഉള്ള സ്റ്റിക്കറുകൾ നിലവിലുണ്ടെങ്കിലും അടുത്തകാലത്തായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് മെഡിക്കൽ കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്റ്റിക്കർ നിർമ്മിക്കുന്ന സ്ഥാപനങ്ങളും വ്യാപാരികളും ഇത്തരം വ്യാജ സ്റ്റിക്കറുകൾ നിർമ്മിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു.
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ക്യാമ്പസിലെ അനധികൃത വാഹന പാർക്കിംഗ് തടയാൻ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സ്ഥാപനത്തിന്റെ ലോഗോയും ക്യു.ആർ കോഡും അടങ്ങിയ പ്രത്യേക വാഹന സ്റ്റിക്കറുകൾ ഏർപ്പെടുത്തി. ക്യാംപസിലെ നിശ്ചിത പാർക്കിങ് ഏരിയയിൽ നിർത്തിയിടുന്നതിനായി വാഹനങ്ങളിലെ വിൻഡ് ഷീൽഡിൽ പതിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
മെഡിക്കൽ കോളേജിന്റെ ലോഗോ ഉള്ള സ്റ്റിക്കറുകൾ നിലവിലുണ്ടെങ്കിലും അടുത്തകാലത്തായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് മെഡിക്കൽ കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്റ്റിക്കർ നിർമ്മിക്കുന്ന സ്ഥാപനങ്ങളും വ്യാപാരികളും ഇത്തരം വ്യാജ സ്റ്റിക്കറുകൾ നിർമ്മിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇത്തരം വ്യാജ സ്റ്റിക്കറുകൾ വിവിധ സ്വകാര്യ വാഹനങ്ങളിൽ പതിച്ച് ജീവനക്കാരുടെ പാർക്കിങ് സ്ഥലത്ത് അനധികൃതമായി പാർക്ക് ചെയ്തും റോഡരികിൽ ഗതാഗതതടസ്സം സൃഷ്ടിക്കും വിധം അലക്ഷ്യമായി നിർത്തിയിടുന്നതും പതിവാണ്.
വ്യാജ സ്റ്റിക്കർ പതിച്ച വാഹനങ്ങളെ കണ്ടെത്താനും അനധികൃത പാർക്കിംഗ് നിരോധിക്കാനുമാണ് പ്രത്യേക സ്റ്റിക്കറുകൾ പുറത്തിറക്കുന്നതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. ജീവനക്കാരും വിദ്യാർത്ഥികളും കോളേജിൽ നിന്നു ലഭിക്കുന്ന ക്യു.ആർ കോഡ് അധിഷ്ഠിത സ്റ്റിക്കർ മാത്രമാണ് വാഹനങ്ങളിൽ പതിക്കേണ്ടതെന്ന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മറ്റുള്ള വാഹന തിരിച്ചറിയൽ സ്റ്റിക്കറുകളെല്ലാം അസാധുവാണെന്നും അധികൃതർ പുതിയ അറിയിപ്പില്‍ പറയുന്നു.