പൊള്ളുന്ന പച്ചക്കറിവില; പക്ഷേ ഹാഷിമിന്റെ പച്ചക്കറി കിറ്റ് വാങ്ങാൻ തിരക്കോട് തിരക്ക്, 50 രൂപ കിറ്റ് വൻ ഹിറ്റ്!
അച്ചിങ്ങപ്പയർ, ചേന, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിയ്ക്ക, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്, സവോള, പടവലം, വേപ്പില, പച്ചമുളക്, കാരറ്റ് എന്നിവയാണ് കിറ്റിൽ ഉള്ളത്.
ആലപ്പുഴ: പച്ചക്കറി വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ നാട്ടുകാർക്ക് ആശ്വാസമായി ഹാഷിമിന്റെ സാമ്പാർ -അവിയൽ കിറ്റ്. ഹാഷിമിന്റെ പച്ചക്കറി കിറ്റിന്റെ വില അമ്പത് രൂപ മാത്രമാണ്. അച്ചിങ്ങപ്പയർ, ചേന, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിയ്ക്ക, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്, സവോള, പടവലം, വേപ്പില, പച്ചമുളക്, കാരറ്റ് എന്നിവയാണ് കിറ്റിൽ ഉള്ളത്. തക്കാളി ഉണ്ടായിരുന്നെങ്കിലും വൻ വിലയായതോടെ കിറ്റിൽ നിന്നും പുറത്തായി.
ആശ്രമം വാർഡ് സ്വദേശിയായ ഹാഷിം മുൻപ് ഓട്ടോറിക്ഷാത്തൊഴിലാളിയായിരുന്നു. പിന്നീട് കെട്ടിട നിർമ്മാണ തൊഴിലാളിയായി. കെട്ടിടത്തിൽ നിന്ന് വീണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് പച്ചക്കറി വിൽപ്പന തുടങ്ങിയത്. ഭാര്യ റാഷിദയും മൂന്ന് മക്കളുമടങ്ങിയ ഹാഷിമിന്റെ കുടുംബത്തിന്റെ ഏക വരുമാനമാണ് പച്ചക്കറി വിൽപ്പന. പച്ചക്കറി വില ദിനം പ്രതി കൂടിക്കൊണ്ടിരിക്കുമ്പോൾ ഹാഷിമിന്റെ കിറ്റ് വാങ്ങാൻ നിരവധിപ്പേരാണ് നഗരത്തിൽ എത്തുന്നത്.
സ്ഥിരം വാങ്ങുന്നവർ ഒരുപാട് പേരുണ്ടെന്ന് ഹാഷിം പറയുന്നു. മുച്ചക്ര വണ്ടിയിൽ രാവിലെ ഇറങ്ങുന്ന ഹാഷിം നഗര മധ്യത്തിലെ ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിന് മുൻപിൽ ഉച്ചവരേയും എസ്ഡിവി സ്കൂളിന് സമീപം വൈകുന്നേരവും ഉണ്ടാകും. അതേസമയം, തക്കാളി വില കുതിച്ചുയർന്നതോടെ തക്കാളി ഉപയോഗം കുറച്ചും, അല്ലെങ്കിൽ തക്കാളിയില്ലാതെ കറികളുണ്ടാക്കാനുള്ള ശ്രമത്തിലുമാണ് ഭൂരിഭാഗം വീടുകളും.
രാജ്യത്തിന്റെ വിവിധയടങ്ങളിൽ കിലോയ്ക്ക് 250 രൂപ വരെ ഈടാക്കുമ്പോൾ തക്കാളി ഉപയോഗം കുറച്ചിരിക്കുകയാണ് 68 ശതമാനം കുടുംബങ്ങൾ. 14 ശതമാനം കുടുംബങ്ങൾ തക്കാളി വാങ്ങുന്നത് തന്നെ നിർത്തിയതായും ലോക്കൽ സർക്കിളിന്റെ സർവേ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിയുടെ ഉൽപാദനവും, ലഭ്യതയും കുറഞ്ഞതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളിൽ പ്രധാന നഗരങ്ങളിൽ തക്കാളി വില കിലോയ്ക്ക് 244 രൂപ വരെ ഉയർന്നിരുന്നു.