ബാസ്കർ വില്ലയിലെ 'വേട്ടനായയെ' പോലെ, അറുന്നൂറ്റിമംഗലത്ത് 'കട്ടക്ക് കാവലിന്' ഇവർ; 2 കൊള്ളൂവരിയൻ നായ്ക്കളെത്തി
പാലക്കാട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഒരു കാലത്ത് വ്യാപകമായി എല്ലാ വീടുകളിലും വളർത്തിയിരുന്ന ഒരു നാടൻ ഇനമാണ് കൊള്ളുവരിയൻ.
ആലപ്പുഴ: ആലപ്പുഴയിലെ അറുന്നൂറ്റിമംഗലം സംസ്ഥാന സീഡ് ഫാമിലെ ആടുമാടുകളുടെ കാവലിന് രണ്ട് കൊള്ളൂവരിയൻ ഇനം നായ് കുട്ടികളെ എത്തിച്ചു. വാസുകിയും സുന്ദരിയും ഇനി ഫാമിലെ ആടുമാടുകൾക്ക് കാവലാകും. സംയോജിത കൃഷി വികസന പദ്ധതി അറുന്നൂറ്റിമംഗലം ഫാമിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയതായി 3 വെച്ചൂർ പശുക്കൾ,2 കാസർഗോഡ് കുള്ളൻ, 15 മലബാറി ആടുകൾ, 5 അട്ടപ്പാടി ബ്ലാക്ക് ഇനത്തിൽപ്പെട്ട ആടുകൾ എന്നിവയുടെ വളർത്തൽ ആരംഭിച്ചിരുന്നു. ഇവയുടെ സംരക്ഷകരാകുവാനാണ് ഈ രണ്ട് കൊള്ളുവരിയന്മാർക്കു പരിശീലനം നൽകുന്നത്.
പാലക്കാട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഒരു കാലത്ത് വ്യാപകമായി എല്ലാ വീടുകളിലും വളർത്തിയിരുന്ന ഒരു നാടൻ ഇനമാണ് കൊള്ളുവരിയൻ അല്ലെങ്കിൽ കൊള്ളുവരയൻ എന്ന പാലക്കാടൻ ഇനം. കാണുന്ന മാത്രയിൽ തന്നെ ഒരു ഷേർലക്ക് ഹോംസ് കഥയായ 'ബാസ്കർ വില്ലയിലെ വേട്ടനായയെ' ഓർമ്മിപ്പിക്കുന്ന ആകാരമാണ് ഇവയുടെ സവിശേഷത. നല്ല കടും തവിട്ടു നിറമുള്ള ശരീരത്തിൽ കറുത്ത വരകൾ നിറഞ്ഞതാണ് ഇവയുടെ ദേഹം. ചുവന്ന ചോരക്കണ്ണുകൾ, വായയ്ക്ക് ചുറ്റും കറുപ്പ് നിറം, നല്ല ഉറച്ച പേശികൾ, നൂല് പോലത്തെ വാല്, നല്ല മുഴക്കമുള്ള കുരയുടെ ശബ്ദം എന്നിവ കൊള്ളുവരയന്മാരുടെ പ്രത്യേകതകളാണ്.
ഇവയ്ക്ക് കൊള്ളുവരയൻ എന്ന പേര് കിട്ടാൻ കാരണം പാലക്കാട് കൃഷി ചെയ്യുന്ന കൊള്ളിന്റെ നിറമാണ് ഇവയ്ക്ക് എന്നതാണ്. പാലക്കാട് മുതിരയ്ക്ക് കൊള്ളെന്നാണ് പറയുക. കൊള്ളിന്റെ നിറമുള്ള ശരീരത്തിൽ വരകൾ ഉള്ളതുകൊണ്ടാണ് ഇവയെ കൊള്ളു വരയൻ എന്ന് വിളിക്കുന്നത്. സാധാരണയായി ഇവയെ കൂട്ടിനകത്തോ, കെട്ടിയിട്ടോ വളർത്താറില്ല. ആട് മേയ്ക്കുന്നവർ, നായാട്ടിന് പോകുന്നവർ, മലയോരക്കർഷകർ എന്നിവരുടെ പ്രിയ മിത്രമാണ് കൊള്ളുവരിയന്മാർ.
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ച കൊള്ളുവരയൻ നായ് കുട്ടികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു എന്നിവർ ഏറ്റുവാങ്ങുകയും ഇവരെ അറുന്നൂറ്റിമംഗലം ഫാം സൂപ്രണ്ട് ടി ടി അരുണിന് കൈമാറുകയും ചെയ്തു. വാസുകി, സുന്ദരി എന്ന് പേരിട്ട ഈ കൊള്ളൂവാരിയന്മാർ ഇനി അറുന്നൂറ്റിമംഗലം സ്റ്റേറ്റ് സീഡ് ഫാമിലെ ആടുമാടുകളുടെ കാവൽ ജോലി ഏറ്റെടുക്കും.