വല്ലം - പാറക്കടവ് പാലം അപ്രോച്ച് റോഡ് നിർമ്മാണം അശാസ്ത്രീയമെന്ന് പരാതി: പ്രതിഷേധത്തിന് നാട്ടുകാർ
പെരുമ്പാവൂരിൽ നിന്ന് കാലടിയിലെ തിരക്കൊഴിവാക്കി ഏഴ് കിലോമീറ്റർ കുറവിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താൻ കഴിയുന്നതാണ് വല്ലം -പാറക്കടവ് പാലം
കൊച്ചി: എറണാകുളം വല്ലം പാറക്കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമ്മാണം അശാസ്ത്രീയമെന്ന പരാതിയുമായി നാട്ടുകാർ. അപ്രോച്ച് റോഡിന്‍റെ രൂപരേഖ മാറ്റിയതോടെ പ്രദേശത്തെ തോടിന്‍റെ നീരൊഴുക്ക് തടസ്സപ്പെട്ടതിനൊപ്പം അപകട വളവായി പ്രദേശം. കലുങ്ക് നിർമ്മാണത്തിനിടെ പ്രദേശവാസികൾ ഉന്നയിക്കുന്ന മണ്ണിടിച്ചിൽ ഭീഷണിയും ഉദ്യോഗസ്ഥർ കണ്ട മട്ടില്ല.
പെരുമ്പാവൂരിൽ നിന്ന് കാലടിയിലെ തിരക്കൊഴിവാക്കി ഏഴ് കിലോമീറ്റർ കുറവിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താൻ കഴിയുന്നതാണ് വല്ലം -പാറക്കടവ് പാലം. പെരിയാറിന് കുറുകെ 2017ൽ തുടങ്ങിയ പാലം പണി പല പ്രതിസന്ധികളിൽ പെട്ടെങ്കിലും ഒടുവിൽ പൂർത്തിയാകാറായി. അപ്രോച്ച് റോഡും സമീപത്തെ തോടിന് കുറുകെ ഉള്ള കലുങ്ക് നിർമ്മാണവുമാണ് പുതിയ തലവേദന. പാലം ഇറങ്ങി ഈ കലുങ്ക് കടന്ന് വേണം കര തൊടാൻ. എന്നാൽ അപ്രോച്ച് റോഡ് മുതൽ നേരത്തെ നിശ്ചയിച്ച രൂപരേഖ മാറിയാണ് നിലവിലെ നിർമ്മാണം.
ഒക്കൽ പഞ്ചായത്തിലെ 4 വാർഡുകളിലെയും സമീപത്തെ പാടശേഖരങ്ങളിലെയും വെള്ളം പെരിയാറിലേക്ക് ഒഴുകുന്ന ഓവുങ്ങ തോടിന്‍റെ ഒഴുക്കാണ് തടസ്സപ്പെടുന്നത്.തെറ്റായ രൂപരേഖ കലുങ്കിനെ ചെക്ക് ഡാമിന് തുല്യമാക്കും. തട്ട് തട്ടായുള്ള ഭൂമിയിൽ തോട് ഗതിമാറ്റി ഒഴുക്കാൻ ഇനിയും ഈ ഭാഗത്ത് മണ്ണിടിക്കുകയും വേണം. നിലവിൽ ഏറ്റെടുത്ത ഭൂമി വെറുതെ കിടക്കുന്പോഴാണ് ദിശമാറി അധികസ്ഥലത്തെ നിർമ്മാണം.
അപ്രോച്ച് റോഡിനായി ഒരു പ്രതിഷേധവുമില്ലാതെ സ്ഥലം വിട്ട് നൽകിയ 9 കുടുംബങ്ങൾ ഇപ്പോൾ മണ്ണിടിച്ചിൽ ഭീതിയിലുമായി. നാടിന്‍റെ വികസനത്തിന് എതിരല്ലെന്നും എന്നാൽ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ നിർമ്മാണം തടസ്സപ്പെടുത്താനും മടിക്കില്ലെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. രൂപരേഖയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും വീട്ടുകാർക്കുള്ള സംരക്ഷണഭിത്തി കലുങ്ക് പണി പൂർത്തിയാകുന്ന മുറയ്ക്ക് തുടങ്ങുമെന്നുമാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി.