ഇടുക്കിയില്‍ തോട്ടം മേഖലയിൽ വാക്സിൻ ക്ഷാമം രൂക്ഷം; തൊഴിലാളികൾ കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക്

ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച 40 വയസിന് മുകളിലുള്ളവർക്ക് നൂറും, നുറ്റിയിരുപത് ദിവസവും കഴിഞ്ഞിട്ടും സെക്കന്‍റ് ഡോസ് ലഭിച്ചിട്ടില്ല. 

vaccine shortage in idukki

ഇടുക്കി: ഇടുക്കി ജില്ലയിലെ തോട്ടം മേഖലയില്‍ കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു. ബുക്ക് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാക്സിന്‍ ലഭിക്കാതായതോടെ തമിഴ്നാടിനെ ആശ്രയിച്ച് തൊഴിലാളികള്‍. ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അനുദിനം വര്‍ധനവുണ്ടായിട്ടും എല്ലാവര്‍ക്കും വാക്സിനെത്താതായതോടെ പരിഭ്രാന്തിയിലാണ് തോട്ടം തൊഴിലാളികളടക്കമുള്ളവ്‍.

ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച 40 വയസിന് മുകളിലുള്ളവർക്ക് നൂറും, നുറ്റിയിരുപത് ദിവസവും കഴിഞ്ഞിട്ടും സെക്കന്‍റ് ഡോസ് ലഭിച്ചിട്ടില്ല. സെക്കന്‍റ് ഡോസിനായി  കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാർ വ്യവസ്ഥയെങ്കിലും ആപ്പിൽ കൊവിഡ് വാക്സിന്‍റെ സ്ലോട്ട് ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. പക്ഷേ സ്വകാര്യ ആശുപത്രികളിൽ പണം നൽകിയാൽ വാക്സിൻ യഥേഷ്ടം ലഭിക്കുകയും ചെയ്യുന്നുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. 

എന്നാൽ തമിഴ്നാട്ടിലെ സ്ഥിതി നേരെ മറിച്ചാണ്. വാക്സിനേഷൻ ക്യാമ്പുകളിൽ ജനത്തിരക്ക് കുറവാണെന്ന് മാത്രമല്ല എത്തുന്ന എല്ലാവർക്കും വാക്സിൻ യഥേഷ്ടം ലഭിക്കുന്നുമുണ്ട്. ഇതോടെയാണ് വാക്സിനായി തോട്ടം തൊഴിലാളികള്‍ തമിഴ്നാടിനെ ആശ്രയിച്ച് തുടങ്ങിയത്. ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ ബന്ധുക്കളും മക്കളും തമിഴ്നാട്ടിലാണ് ഉള്ളത്.  

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലേക്ക് പോകണമെങ്കിൽ ഒരു ഡോസ് വാക്സിനെങ്കിലും എടുക്കണം. രണ്ടാം ഡോസ് വാക്സിന്‍ ഉറപ്പാക്കുന്നതിനായി തൊഴിലാളികള്‍ ആരോഗ്യവകുപ്പിനെ സമീപിച്ചെങ്കിലും മരുന്ന് ക്ഷാമമാണെന്നുള്ള മറുപടിയാണ് ലഭിക്കുന്നത്.  എന്നാല്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലെത്തുന്ന തൊഴിലാളികൾക്ക് തമിഴ്നാട് സർക്കാർ വാക്സിൻ സൗജന്യമായി നൽകുന്നുണ്ട്. ഈ സാഹചര്യത്തില്‍ തോട്ടംതൊഴിലാളികൾ തമിഴ്നാട്ടിലേക്ക് വാക്സിനെടുക്കാൻ കൂട്ടത്തോടെ പോകുന്ന സ്ഥിതിയാണുള്ളത്. 

തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തോട്ടംതൊഴിലാളികൾക്ക് കബനിയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തി ആദ്യ ഡോസ് നൽകിയിരുന്നു. എന്നാൽ സെക്കന്‍റ് ഡോസിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായെങ്കിലും വാക്സിനിതുവരെ എത്തിയിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios