എഐ ക്യാമറ, 'എന്തൊക്കെ പുകിലായിരുന്നു'; റോഡ് അപകടങ്ങള്‍ കുറയുന്നതിന്റെ കണക്കുകൾ പങ്കുവച്ച് മന്ത്രി ശിവൻകുട്ടി
ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ 32,42,277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ റോഡ് അപകടങ്ങളിലും മരണങ്ങളിലുമുണ്ടായ കുറവിന്റെ കണക്കുകള്‍ പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി. 2022 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് 3,316 റോഡ് അപകടങ്ങളില്‍ 313 പേര്‍ മരിക്കുകയും 3,992 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ എഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം രണ്ടാം മാസമായ ജൂലൈയില്‍ 1,201 റോഡപകടങ്ങളില്‍ 67 പേര്‍ മരിക്കുകയും 1,329 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തതായാണ് മന്ത്രി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കണക്ക് വ്യക്തമാക്കുന്നു. എഐ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ചവരെയും മന്ത്രി പരിഹസിച്ചു. 'എന്തൊക്കെ പുകിലായിരുന്നു' എന്നാണ് കണക്കുകള്‍ പങ്കുവച്ച് മന്ത്രി കുറിച്ചത്.
ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ 32,42,277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 15,83,367 എണ്ണം വെരിഫൈ ചെയ്യുകയും 5,89,394 കേസുകള്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യുകയും 3,82,580 എണ്ണം ചെല്ലാനുകള്‍ തയ്യാറാക്കുകയും 3,23,604 എണ്ണം തപാലില്‍ അയക്കുകയും ചെയ്തതായി മന്ത്രി ആന്റണി രാജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍, 2,21,251. സഹയാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 1,50,606. കാറിലെ മുന്‍ സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്-1,86,673, കാര്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്- 1,70,043, മൊബൈല്‍ ഫോണ്‍ ഉപയോഗം 6,118, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിള്‍ റൈഡ് 5,886 തുടങ്ങിയവയാണ് ജൂണ്‍ അഞ്ചു മുതല്‍ ഓഗസ്റ്റ് രണ്ടുവരെ വരെ കണ്ടെത്തിയ നിയമലംഘനങ്ങള്‍. 25 കോടി 81 ലക്ഷം രൂപയുടെ ചെല്ലാന്‍ തയ്യാറാക്കിയെങ്കിലും ഇതുവരെ മൂന്നു കോടി 37 ലക്ഷം രൂപ മാത്രമേ പിഴ ലഭിച്ചിട്ടുള്ളൂയെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.