തന്ത്രപൂർവ്വം ഉപയോഗിച്ചത് കാർ പൂളിങ് ആപ്പ്, കിളിയന്തറ ചെക്ക്പോസ്റ്റിൽ കുടുങ്ങി; എംഡിഎംഎ കടത്തൽ, ശിക്ഷ വിധിച്ചു
സംയുക്ത വാഹന പരിശോധനയിലാണ് 100 ഗ്രാം എംഡിഎംഎയുമായി കാറിൽ വന്ന പ്രതിയെ പിടികൂടിയത്.
കണ്ണൂര്‍: കാർ പൂളിങ് ആപ്പ് വഴി എംഡിഎംഎ കടത്തിക്കൊണ്ട് വന്ന പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ മടക്കര സ്വദേശിയായ സലിൽ കുമാർ കെ പി (31) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 2023 മാർച്ച് 21 ന് കിളിയന്തറ എക്‌സൈസ് ചെക്ക്പോസ്റ്റിൽ (പഴയ) ഇരിട്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രജിത്ത് സി യുടെ നേതൃത്വത്തിൽ ഇരിട്ടി എക്സൈസ് റേഞ്ച് സംഘവും ചെക്ക് പോസ്റ്റ് പ്രത്യേക സംഘവും നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് 100 ഗ്രാം എംഡിഎംഎയുമായി കാറിൽ വന്ന പ്രതിയെ പിടികൂടിയത്.
തുടർന്ന് കണ്ണൂർ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിച്ച എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനൻ, കണ്ണൂർ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ഷിബു പി എൽ എന്നിവർ കേസിന്‍റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വടകര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (എൻഡിപിഎസ്) കോടതി ജഡ്ജ് ബിജു വി ജി ആണ് വിധി പ്രസ്താവിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി കെ ജോർജ് ഹാജരായി.