70 വയസുള്ള വീടിന്റെ മുകളിലത്തെ കിടപ്പുമുറി നിലംപതിച്ചു, മരണവീട്ടിൽ പോയി വരാൻ വൈകിയതിനാൽ കുടുംബം രക്ഷപ്പെട്ടു
കനത്ത മഴയെ തുടർന്ന് 75 വർഷം പഴക്കമുള്ള വീടിന്റെ ഒരു ഭാഗം തകർന്നു. ആർക്കും ആളപായമില്ല.
കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് 75 വർഷം പഴക്കമുള്ള വീടിന്റെ ഒരു ഭാഗം തകർന്നു. ആർക്കും ആളപായമില്ല. പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി തറവാടാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തകർന്നത്. രണ്ട് നിലയുള്ള വീടിന്റ മുകൾ നിലയിൽ വടക്ക് ഭാഗത്തെ മുറി പൂർണ്ണമായും നിലം പതിച്ചു.
വീട്ടുടമസ്ഥൻ രാജനും ഭാര്യ സുഭദ്ര, മക്കളായ അർജുൻ രാജ്, ഇന്ദുലേഖ എന്നിവരായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സഹോദരൻ ദിനേശൻ ഭാര്യ റീജയുടെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. മുകൾ നിലയിലായിരുന്നു ഇവരുടെ കിടപ്പ് മുറി. ചടങ്ങ് കഴിഞ്ഞ് വൈകി എത്തിയതിനാൽ കുടുംബം അത്ഭുത കരമായി ഇവർ രക്ഷപെട്ടു.
രാജനും കുടുംബവും താഴത്തെ മുറിയിലായിരുന്നു. വിവരം അറിഞ്ഞ് മുൻസിപ്പൽ കൗൺസിലർ ജിഷ പുതിയടത്ത് രാവിലെ വീട്ടിലെത്തി. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വീട്ടുകാർ വില്ലേജ് ഓഫിസ്സിൽ തിങ്കളാഴ്ച നിവേദനം നൽകും.
Read more: ഈ പോത്തിന് തിന്നാൻ വേറെന്തൊക്കെയുണ്ട്! രണ്ടര ലക്ഷത്തിന്റെ മൊതല് തിരിച്ചുപിടിച്ചത് ഇങ്ങനെ...!
അതേസമയം, ശക്തമായ മഴയെ തുടർന്ന് ഇടുക്കി കാഞ്ചിയാർ കോഴിമലയിൽ വീട് തകർന്നു വീണ് അപകടം. കോഴിമല കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീടാണ് തകർന്നത്. സംഭവം നടക്കുന്ന സമയത്ത് സുമേഷും ഭാര്യ ആതിരയും, ഒന്നര വയസും മൂന്നര വയസും പ്രായമായ കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ആദ്യം അടുക്കള ഭാഗം തകർന്നതാണ് വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളുടെയും സുമേഷിന്‍റെയും ഭാര്യയുടെയും ജീവൻ രക്ഷപ്പെടാൻ കാരണമായത്. അടുക്കള തകർന്നുവീണതോടെ വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. ഉടൻതന്നെ വീട് പൂർണമായും തകർന്നു വീഴുകയും ചെയ്തു.