കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് നഷ്ടപ്പെട്ട ചിങ്ങോലി പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു
യുഡിഎഫ് അധികാരത്തിലെ ഏറിയ നാൾ മുതൽ തന്നെ അധികാര തർക്കവും തമ്മിൽത്തല്ലും ആയിരുന്നു. അന്ന് അധികാരത്തിലേറിയ പ്രസിഡന്റ് ജി. സജിനിയെയും വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാറിനെയും കഴിഞ്ഞ വർഷം മാർച്ചിലാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്.
ഹരിപ്പാട്: കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് നഷ്ടപ്പെട്ട ആലപ്പുഴ ചിങ്ങോലി പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു. പദ്മശ്രീ ശിവദാസനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജി. സജിനിയാണ് വൈസ് പ്രസിഡന്റ്. യുഡിഎഫിന് 7 അംഗങ്ങളും എൽഡിഎഫിന് 6 അംഗങ്ങളുമാണ് ഉള്ളത്. പ്രസിഡന്റ് തിരഞ്ഞടുപ്പിൽ പത്മശ്രീക്ക് എതിരെ സി. പി. എമ്മിലെ അശ്വതി തുളസിയാണ് മത്സരിച്ചത്.
വൈസ് പ്രസിഡന്റ് തിരഞ്ഞടുപ്പിൽ ജി. സജിനിയ്ക്ക് എതിരായി സി.പി. ഐ. യിലെ എ. അൻസിയയും മത്സരിച്ചു. ഇരുവരും. ആറിനെതിരെ ഏഴു വോട്ടുകൾ നേടിയാണ് വിജയിച്ചത്. കാർത്തികപ്പളളി താലൂക്ക് സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടനായിരുന്നു വരണാധികാരി. 2020-ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 13-ൽ ഏഴു വാർഡിൽ കോൺഗ്രസാണ് വിജയിച്ചത്. മൂന്ന് സി. പി. എം. , രണ്ടു സി. പി. ഐ. , ഒരു ഇടതു സ്വതന്ത്രയുമാണ് എൽ. ഡി. എഫിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
യുഡിഎഫ് അധികാരത്തിലെ ഏറിയ നാൾ മുതൽ തന്നെ അധികാര തർക്കവും തമ്മിൽത്തല്ലും ആയിരുന്നു. അന്ന് അധികാരത്തിലേറിയ പ്രസിഡന്റ് ജി. സജിനിയെയും വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാറിനെയും കഴിഞ്ഞ വർഷം മാർച്ചിലാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. സ്വന്തം പ്രസിഡന്റിനെതിരെ കോൺഗ്രസ് തന്നെ മുൻകൈയെടുത്തു കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടതു അംഗങ്ങളും പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമാവുകയും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ അശ്വതി തുളസി പ്രസിഡന്റായും എ. അൻ സിയ വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുക്കപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം