ഓൺലൈൻ ഗെയിം കളിയ്ക്കാൻ പണമില്ല, യുപി സ്കൂൾ കുത്തിത്തുറന്ന് ലാപ്ടോപുകൾ മോഷ്ടിച്ചു, വിൽക്കുന്നതിനിടെ പിടിയിൽ
പ്രതികൾ ഓൺലൈൻ ഗെയിം കളിക്കുന്നതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രതികൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട്: യുപി സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ നിന്ന് ലാപ്ടോപ് മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി വാൽക്കുളമ്പ് പിട്ടുക്കാരിക്കുളമ്പ് എംഎംയുപി സ്കൂളിലെ മൂന്ന് ലാപ്ടോപുകളാണ് പ്രതികൾ അതിക്രമിച്ച് കയറി മോഷ്ടിച്ചത്. സംഭവത്തിൽ അലൻ എം ഷാജി(23), വിമൽ(19) എന്നിവർ അറസ്റ്റിലായി. ഓഗസ്റ്റ് നാലിന് രാത്രിയാണ് പ്രതികൾ മോഷണം നടത്തിയത്. ഏഴാം തീയതി അധികൃതർ സ്കൂൾതുറന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.
പിന്നീട് പ്രധാനാധ്യാപകന്റെ പരാതിയിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. മോഷ്ടിച്ച ലാപ്ടോപ്പ് വിൽപ്പന നടത്താൽ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പ്രതികളെ പിൻതുടർന്നെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളുടെ പക്കൽനിന്ന് മോഷ്ടിച്ച ലാപ്ടോപ്പുകൾ പൊലീസ് കണ്ടെടുത്തു. പ്രതികൾ ഓൺലൈൻ ഗെയിം കളിക്കുന്നതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രതികൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആലത്തൂർ ഡിവൈഎസ്പിയുടെ യുടെ നിർദ്ദേശ പ്രകാരം വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കെപി ബെന്നിയുടെ നേതൃത്വത്തിൽ എസ് ഐ ജീഷ്മോൻ വർഗീസ്, സിപിഒമാരായ റിനു, അജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, സൂരജ്ബാബു, ദിലീപ് എന്നിവർ ചേർന്നാണ് പ്രതികളെ കണ്ടെത്തിയത്.