സംശയിക്കാതിരിക്കാൻ യാത്ര കെഎസ്ആർടിസിയിൽ, വാളയാറിൽ കുടുങ്ങി; മലപ്പുറം സ്വദേശികളുടെ ബാഗിൽ 7കിലോ കഞ്ചാവ്, പിടിയിൽ
പരിശോധനയിൽ പിടിക്കപ്പെടില്ലെന്ന് കരുതിയാണ് യുവാക്കൾ കെഎസ്ആർടിസി ബസിലെത്തിയതെന്ന് എക്സൈസ് സംഘം പറഞ്ഞു.
പാലക്കാട്: വാളയാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മലപ്പുറം സ്വദേശികളായ ഷഹൻഷ (21), മുഹമ്മദ് ഷിബിൽ (19) എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ബസിൽ കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച 7 കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ എക്സൈസ് പൊക്കിയത്. വലിയ ബാഗുകളിൽ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
എക്സൈസ് ഇൻസ്പക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് യുവാക്കളെ കഞ്ചാവുമായി പിടികൂടിയത്. പരിശോധനയിൽ പിടിക്കപ്പെടില്ലെന്ന് കരുതിയാണ് യുവാക്കൾ കെഎസ്ആർടിസി ബസിലെത്തിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ(ഗ്രേഡ്) സുജീബ് റോയ്, പ്രിവന്റീവ് ഓഫീസർ ജമാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, സതീഷ്, മനോഹരൻ, എന്നിവരും പങ്കെടുത്തു.
പാലക്കാട് കൊല്ലങ്കോട് എക്സൈസ് നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പനയും പിടികൂടി. കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.നിഷാന്തും പാർട്ടിയും ചേർന്നാണ് ബൈക്കിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തത്. ചിറ്റൂർ മുതലമട സ്വദേശി ഇബ്രാഹിം (50 വയസ്) ആണ് മദ്യവുമായി പിടിയിലായത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രമേഷ് കുമാർ പി.എൻ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ നാസർ. യു, രമേഷ്. കെ, സിവിൽ എക്സൈസ് ഓഫീസർ ശ്രീനാഥ്. എസ് എന്നിവരും ഉണ്ടായിരുന്നു.