പ്രൊപ്പല്ലറില്‍ വല ചുറ്റിയും എഞ്ചിൻ നിലച്ചും കടലില്‍ കുടുങ്ങി 2 ബോട്ടുകൾ; 19 മത്സ്യതൊഴിലാളികളെ രക്ഷിച്ചു

മേരി മാത II എന്ന ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചത്.

two boats stranded at sea with net wrapped around propeller and engine stopped 19 fishermen are rescued

തൃശൂർ: ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം രണ്ടു ബോട്ടുകളിലുണ്ടായിരുന്ന 19 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. മുനക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്നും തിങ്കള്‍ പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ മേരി മാത II എന്ന ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചത്. ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.

കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ (19 കിലോമീറ്റര്‍) അകലെ വാടാനപ്പിള്ളി പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി പ്രിന്‍സ് നിവാസില്‍  ഹെറിന്‍ പയസിന്റെ ഉടമസ്ഥതയിലുള്ള മേരിമാതാ II എന്ന ബോട്ടും കൊല്ലം സ്വദേശികളായ 10 മത്സ്യത്തൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും  രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.

രാവിലെ 11.15 നോടുകൂടിയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നിര്‍ദ്ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ വി.എം ഷൈബു, ഇ.ആര്‍ ഷിനില്‍കുമാര്‍, റസ്‌ക്യൂ ഗാര്‍ഡുമാരായ ഷിഹാബ്, അജിത്ത്കുമാര്‍ ബോട്ട് സ്രാങ്ക് റഷീദ്, എഞ്ചിന്‍ ഡ്രൈവര്‍ റാഫി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 

ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ അല്‍ഫത്ത് എന്ന ബോട്ടിന്റെ പ്രൊപ്പല്ലറില്‍ വല ചുറ്റി എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 9 മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ കരയിലെത്തിച്ചു. കടലില്‍ നിന്നും 5 നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം വടക്ക്-പടിഞ്ഞാറ് ഭാഗത്ത്  പ്രൊപ്പല്ലറില്‍ വലചുറ്റി എഞ്ചിന്‍ നിലച്ച് കുടുങ്ങിയ തൃശ്ശൂര്‍ ജില്ലയില്‍ തളിക്കുളം സ്വദേശി അമ്പലത്തു വീട്ടില്‍ മുഹമ്മദ് യൂസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അല്‍ഫത്ത് എന്ന ബോട്ടും തളിക്കുളം സ്വദേശികളായ 9 മത്സ്യത്തൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.

രാത്രി 9.30 നാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നിര്‍ദ്ദേശാനുസരണം, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ വി.എന്‍ പ്രശാന്ത്കുമാര്‍, വി.എം ഷൈബു, ഇ.ആര്‍ ഷിനില്‍കുമാര്‍, റസ്‌ക്യൂ ഗാര്‍ഡുമാരായ, പ്രസാദ്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിന്‍ ഡ്രൈവര്‍ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 

മത്സ്യബന്ധന യാനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ കൃത്യമായി നടത്താത്തതും കാലപ്പഴക്കം ചെന്ന മത്സ്യബന്ധന യാനങ്ങള്‍ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നതുകൊണ്ടും കടലില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഈ ആഴ്ചയില്‍ മൂന്നാമത്തെ യാനമാണ് ഇത്തരത്തില്‍ കടലില്‍ അകപ്പെടുന്നത്. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകള്‍ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറെന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്ന് തൃശ്ശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദ് പോത്തനൂരാന്‍ അറിയിച്ചു.

'പരിക്കേറ്റ ഉമ തോമസിനെ കൈകാര്യം ചെയ്ത രീതി കണ്ട് നടുങ്ങിപ്പോയി'; വേണം സുരക്ഷാ സാക്ഷരതയെന്ന് മുരളി തുമ്മാരുകുടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios