വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം, വഴിത്തിരിവ്; നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടർ
അപകടമുണ്ടാക്കി നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടറാണെന്ന് കണ്ടെത്തി. അപകട ശേഷം ആക്രിവിലയ്ക്ക് ഇയാൾ വിറ്റ കാർ തൃശ്ശൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടമുണ്ടാക്കി നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടറാണെന്ന് കണ്ടെത്തി. അപകട ശേഷം ആക്രിവിലയ്ക്ക് ഇയാൾ വിറ്റ കാർ തൃശ്ശൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മാസം 27ന് നടന്ന അപകടത്തിലാണ് ട്വിസ്റ്റ്. കുറ്റിപ്പുറം പാലത്തിന് മുകളിൽവെച്ചുണ്ടായ അപകടത്തിലാണ് കഴുത്തല്ലൂർ സ്വദേശി സനാഹ് മരിച്ചത്. എന്നാൽ അപകടമുണ്ടാക്കിയ വാഹനത്തെ കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം മെഡി. കോളേജിലെ ഡോക്ടറാണ് അപകടമുണ്ടാക്കിയതെന്ന കണ്ടെത്തൽ. അമിത വേഗതയിലെത്തിയ കാർ ഓട്ടോറിക്ഷയിലും പിന്നീട് സനാഹിന്‍റെ ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് കാറിന്‍റെ ചെറിയ അവശിഷ്ടം മാത്രമാണ് പൊലീസ് കണ്ടെടുത്തത്. മുൻഭാഗം തകർന്ന നിലയിൽ ഒരു കാറിന്‍റെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസമാണ് പൊലീസിന് കിട്ടിയത്. പിന്നീട് ചങ്ങരംകുളത്തെ പൊലീസ് നിരീക്ഷണ ക്യാമറയിൽ നിന്ന് കാറിന്‍റെ നമ്പർ കിട്ടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ഡോ. ബിജു ജോർജ്ജാണ് അപകടത്തിന് പിന്നിലെന്ന് മനസ്സിലായി.
പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു പൊലീസിന് ഡോക്ടർ നൽകിയത്. വാഹനം കല്ലിലിടിച്ച് തകർന്നതെന്നും മൊഴി നൽകി. ഡോക്ടറുടെ മൊഴിയിൽ പൊരുത്തക്കേട് തോന്നിയെ പൊലീസ് കാറിനെ കുറിച്ചുളള അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിന് ശേഷം കുന്ദംകുളത്ത് വച്ച് കേടായ കാറ് ഡോ. ബിജു ആക്രിവിലയ്ക്ക് വിൽക്കുകയായിരുന്നു. ഈ വാഹനം പൊലീസ് തൃശ്ശൂർ അത്താണിക്കലിൽ നിന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് ഡോ.ബിജു ജോർജ്ജിനെതിരെ കുറ്റിപ്പുറം പൊലീസ് കേസ്സെടുത്തിട്ടുണ്ട്. സ്റ്റേഷനിൽ ഹാജരാകമെന്ന് പറഞ്ഞെ ഡോക്ടർ മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ഒരാളുടെ ജീവൻ രക്ഷിക്കാൻ ബാധ്യസ്ഥനായ ഡോക്ടറിൽ നിന്നുണ്ടായ ഇത്തരം പ്രവൃത്തിയെ ഞെട്ടലോടെയാണ് പൊലീസ് കാണുന്നത്.