തിരുന്നാവായയിൽ വച്ചല്ല, വന്ദേഭാരതിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പൊലീസിന് പുതിയ സൂചന!
തിരുന്നാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്
മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ ഇന്നലെ കല്ലേറുണ്ടായത് തിരുന്നാവായക്ക് സമീപത്തു വെച്ചല്ലെന്ന് പൊലീസ് നിഗമനം. തിരൂർ എത്തും മുന്നേയാണ് കല്ലേറ് ഉണ്ടായതെന്നാണ് പൊലീസ് വ്യക്തമാകുന്നത്. തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടിഎന്ന സ്ഥലത്തിനു സമീപത്ത് വച്ചായിരിക്കും കല്ലേറുണ്ടായതെന്നാണ് പൊലീസ് നിഗമനം. തിരുന്നാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്. സി സി ടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ്. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ അഞ്ചു മണിയോടെയാണ് കാസർകോട് നിന്നും വരുന്ന ട്രെയിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിനു സുരക്ഷ വർധിപ്പിക്കുമെന്ന് പിന്നാലെ റെയിൽവേ അറിയിച്ചിരുന്നു.
അതേസമയം വന്ദേ ഭാരത് ട്രെയിനുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വാർത്ത വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി എന്നതാണ്. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ ചൂണ്ടികാട്ടി. മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യ ഹർജിയാണ് തള്ളിയത്.
ഇതിന് പിന്നാലെ വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിന്‍റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാൽ റെയിൽവെക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.