ഇനി ബത്തേരിയിലും കൊവിഡ് പരിശോധന; 'ട്രൂനാറ്റ്' മെഷീന്‍ ഉടന്‍ എത്തും

ട്രൂനാറ്റ് മെഷീന്‍ എത്തിക്കഴിഞ്ഞാല്‍ ഐ.സി.എം.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കോവിഡ് ടെസ്റ്റ് ലൈസന്‍സിന് അപേക്ഷിക്കും. സാധാരണ നിലയില്‍ മൂന്നു ദിവസത്തിനകം അംഗീകാരം ലഭിക്കും. 

truenat machine for covid test in wayanad


കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചതിനു പിന്നാലെ കോവിഡ്-19 കണ്ടെത്തുന്നതിനുള്ള പരിശോധനയും ആരംഭിക്കും. ഇതിനായി ഓര്‍ഡര്‍ ചെയ്ത 'ട്രൂനാറ്റ്' മെഷീന്‍ ഈ ആഴ്ചയെത്തും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന മൈക്രോബയോളജിസ്റ്റിനെ നിയമിച്ചു കഴിഞ്ഞു. ട്രൂനാറ്റ് മെഷീന്‍ എത്തിക്കഴിഞ്ഞാല്‍ ഐ.സി.എം.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കോവിഡ് ടെസ്റ്റ് ലൈസന്‍സിന് അപേക്ഷിക്കും. സാധാരണ നിലയില്‍ മൂന്നു ദിവസത്തിനകം അംഗീകാരം ലഭിക്കും. 

ലാബില്‍ ബയോസേഫ്റ്റി കാബിനറ്റ്, വോര്‍ടെക്സ് മിക്സ്ചര്‍ തുടങ്ങിയ അവശ്യ ഉപകരണങ്ങള്‍ എന്‍.എച്ച്.എം. ഉറപ്പാക്കിയിട്ടുണ്ട്. രണ്ടു ലാബ് ടെക്നീഷ്യന്മാര്‍ ആലപ്പുഴ വൈറോളജി ലാബില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കി. പി.പി.ഇ കിറ്റ് ധരിക്കുന്നതിനും അഴിച്ചുമാറ്റുന്നതിനുമുള്ള സ്ഥലവും സെഗ്മെന്റേഷന്‍ മുറിയുമൊക്കെ ഒരുക്കി ലാബിന്റെ ബയോസേഫ്റ്റി ലെവല്‍ രണ്ടില്‍ നിന്നു മൂന്ന് ആക്കി ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബത്തേരിയിലെ ലാബില്‍ മണിക്കൂറില്‍ രണ്ടു സാംപിളുകളാണ് പരിശോധിക്കാന്‍ കഴിയുക. ഇക്കാരണത്താല്‍ അടിയന്തര സ്വഭാവമുള്ള സ്രവപരിശോധനയ്ക്കാവും മുന്‍തൂക്കം. 

ലാബിലേക്ക് മറ്റൊരു പി.സി.ആര്‍ യന്ത്രം കൂടി വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്. അതേ സമയം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരോഗ്യവകുപ്പ് ഏറ്റെടുത്തതോടെ സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചു. 2016 ഡിസംബറിലാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയില്‍ കെ.എഫ്.ഡി, ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ പെരുകിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അധികൃതര്‍ തയ്യാറാക്കിയ പ്രൊജക്ട് പ്രകാരമായിരുന്നു ഇത്. മൂന്നു കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. 

എന്നാല്‍, പ്രൊജക്ട് കാലാവധി പൂര്‍ത്തിയായതോടെ 2020 മാര്‍ച്ച് 16ന് ലാബ് പ്രവര്‍ത്തനം നിര്‍ത്തി. ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നില്ല. ഇക്കൊല്ലം വീണ്ടും കെ.എഫ്.ഡി. കൂടിയതോടെ ലാബ് പ്രവര്‍ത്തിക്കാത്തത് വലിയ പ്രതിസന്ധിക്കിടയാക്കി. കോവിഡ് പശ്ചാത്തലം കൂടിയായതോടെ ആലപ്പുഴ വൈറോളജി ലാബില്‍ നിന്ന് കെ.എഫ്.ഡി ഫലം ജില്ലയിലെത്താന്‍ കാലതാമസമെടുത്തു. ഈ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ലാബ് ഏറ്റെടുത്ത് പ്രവര്‍ത്തനസജ്ജമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios