വെങ്ങാനൂരിൽ പൊലീസ് കമ്മീഷണർ ഓഫീസ് ജീവനക്കാരന്റെ വീട്ടിലും സമീപ കടകളിലും കള്ളൻകയറി, 2 ലക്ഷം രൂപയുടെ നഷ്ടം
വെങ്ങാനൂരിലെ രണ്ട് കടകളിലും വീട്ടിലുമാണ് കള്ളൻ കയറിയത്. സമീപത്തെ മറ്റൊരു വീട്ടിലെ മോഷണ ശ്രമത്തിൽ തടസമായത് സിസിടിവി
തിരുവനന്തപുരം: വെങ്ങാനൂർ പുല്ലാന്നിമുക്കിൽ രണ്ട് കടകളും ഒരു വീടും കുത്തി തുറന്ന് മോഷണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ചാവടി നട ജയലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള അമ്പാടി പ്രൊവിഷൻ സ്റ്റോറിലും തൊട്ടടുത്ത് സജിൻ എസ് പി നടത്തുന്ന റോളക്സ് എന്ന തുണിക്കടയിലും സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ജോലി ചെയ്യുന്ന അരുൺ രാജിന്റെ വീട്ടിലും ആണ് മോഷണം നടന്നത്.
അമ്പാടി പ്രൊവിഷൻ സ്റ്റോറിൽ നിന്നും 3500 രൂപയും തുണിക്കടയിൽ നിന്ന് 90000 രൂപയും ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന രണ്ട് കെട്ട് പുതിയ റെഡിമെയ്ഡ് തുണികളുമാണ് മോഷണം പോയത്. സമീപത്തെ ആൾതാമസം ഇല്ലാതിരുന്ന വീട് മോഷ്ടാവ് കുത്തിത്തുറന്നെങ്കിലും ഒരു വസ്തുവും നഷ്ടപ്പെട്ടില്ല. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലാണ് ഉണ്ടായിരുന്നത്.
വിഴിഞ്ഞം എസ് എച്ച് ഒ പ്രകാശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രശാന്ത്, സിപിഒ മാരായ സുജിത്ത്, അരുൺ മണി , ഷിജാദ് എന്നിവർ സ്ഥലത്ത് എത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ് ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മൂന്ന് സ്ഥലങ്ങളിലും മോഷണം നടത്തിയത് ഒരേ സംഘമായിരിക്കാമെന്നാണ് പൊലീസ് നിരീക്ഷണം. സിസിടിവിയില്ലാത്ത സ്ഥലമായത് അന്വേഷണത്തെയും ബാധിച്ചിട്ടുണ്ട്.
സമീപത്തായി മറ്റൊരു വീട്ടിൽ മോഷണം നടത്താൻ പദ്ധതിയിട്ട സംഘം വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾ പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുന്നത് കണ്ട സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. വെങ്ങാനൂരും പരിസര പ്രദേശങ്ങളിലും മോഷണം പെരുകുന്നത് നാട്ടുകാരുടെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം