4.3 ലക്ഷം തട്ടിയെടുത്തത് ആദിവാസി വികസന പദ്ധതിയിൽ നിന്ന്; സ്പെഷ്യൽ എക്സ്റ്റൻഷൻ ഓഫീസർക്ക് 16 വർഷം കഠിന തടവ്

സംയോജിത ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി വിവിധ ക്ഷേമപദ്ധതികൾക്ക് സർക്കാർ  അനുവദിച്ച തുകയിൽ നിന്നും മാത്യു 4,39,240 രൂപ തട്ടിയെടുത്തെന്നാണ് കേസ്. 

tribal development extension officer gets 16 years of rigorous imprisonment for misappropriation fund

തിരുവനന്തപുരം: ആദിവാസി വികസന പദ്ധതിയിൽ നിന്നും സാമ്പത്തിക ക്രമക്കേട് നടത്തി പണം തട്ടിയെടുത്ത കേസിൽ പട്ടികവർഗ്ഗ വികസന വകുപ്പ് സ്പെഷ്യൽ എക്സ്റ്റൻഷൻ ഓഫീർക്ക് 16 വർഷം കഠിന തടവ്. വാമനപുരം മുൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറും നിലവിൽ പട്ടികവർഗ്ഗ വികസന വകുപ്പ്  സ്പെഷ്യൽ എക്സ്റ്റൻഷൻ ഓഫീസറുമായ മാത്യു ജോർജ്ജിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി  ശിക്ഷിച്ചത്. 16 വർഷം കഠിന തടവിന് പുറമേ 4,60,000 രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു.

എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്)  എം.വി  രാജകുമാര ആണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധി ന്യായത്തിൽ പറയുന്നു. മാത്യു ജോർജ്ജ് വാമനപുരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറായിരുന്ന 2007-2009 കാലഘട്ടത്തിലാണ് പണം തട്ടിയെടുത്തത്.  സംയോജിത ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി വിവിധ ക്ഷേമപദ്ധതികൾക്ക് സർക്കാർ  അനുവദിച്ച തുകയിൽ നിന്നും മാത്യു 4,39,240 രൂപ തട്ടിയെടുത്തെന്നാണ് കേസ്. 

സംഭവത്തിൽ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം  പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് മാത്യു ജോർജ്ജ്  കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി. പൊതു ജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് എസ്പി ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read More :  പഴയ സ്വര്‍ണം തരൂ, അപൂര്‍വ ആഭരണം തരാം; ഇൻസ്റ്റ മെസേജ് വിശ്വസിച്ച യുവതിക്ക് തിരികെ കിട്ടിയത് ഹൽവയും 100 രൂപയും!
 

Latest Videos
Follow Us:
Download App:
  • android
  • ios