തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു, സ്ത്രീ മരിച്ചു; മലപ്പുറത്ത് യുവാവ് കുളത്തിൽ മരിച്ച നിലയിൽ
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. ഇരുവരെയും ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി ഉടൻ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മോളിയുടെ ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം: തലസ്ഥാനത്ത് വഴയിലയ്ക്ക് സമീപം കാറിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പരിക്കേറ്റു. തൊളിക്കോട് സ്വദേശിനി മോളി (42) ആണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. ഇരുവരെയും ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മോളിയുടെ ജീവൻ രക്ഷിക്കാനായില്ല. മരം മുറിച്ച് മാറ്റാനുളള ശ്രമം തുടരുകയാണ്.
കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
മലപ്പുറം കാടാമ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാടാമ്പുഴ സ്വദേശി ഷൈജുവാണ് (39) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി പോകുകയായിരുന്നു. മലപ്പുറം ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് ആറു പേര്‍ക്ക് പരിക്കേറ്റു. താമരക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോയ്ക്ക് മുകളിൽ മരം വീണ് സാരമായി പരിക്കേറ്റ ഡ്രൈവർ അബ്ദുൾ ഹമീദിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടവണ്ണപ്പാറ പണിക്കരപുറായയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ മരം വീണ് പരിക്കേറ്റ കണ്ടക്ടറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ തളിക്കുളം നമ്പിക്കടവില്‍ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറത്ത് 35 വീടുകൾ ഭാഗികമായി തകർന്നു. ജില്ലയിലാകെ 9.9 ഹെക്ടർ കൃഷിനാശം ഉണ്ടായി. 30,73,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.