പാളത്തിലെ പരിശോധന കഴിഞ്ഞില്ല; രാജ്യറാണി എക്സ്പ്രസ് നിലമ്പൂരിൽ നിന്ന് ഇന്ന് പുറപ്പെടില്ല, സമയം വീണ്ടും മാറ്റി
രാത്രി 9.30 യ്ക്ക് പുറപ്പെടേണ്ട ട്രെയിൻ 11.30യിലേക്ക് നേരത്തെ മാറ്റിയിരുന്നു. എന്നാൽ പരിശോധന പൂർത്തിയാക്കാത്തതിനാൽ വീണ്ടും സമയം മാറ്റിയതായി റെയിൽവേ അറിയിച്ചു.
നിലമ്പൂർ: പാലക്കാട് വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിൻ പാളം തെറ്റിയതിനാൽ നിലമ്പൂരിൽ നിന്നും കൊച്ചുവേളി വരെയുള്ള രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്‍റെ സമയം വീണ്ടും മാറ്റി. അറ്റകുറ്റപണികൾക്ക് ശേഷം പാളത്തിലെ പരിശോധന പൂർത്തിയാകാത്തതിനാൽ ട്രെയിൻ ഇന്ന് പുറപ്പെടില്ല. രാജ്യറാണി എക്സ്പ്രസ് നിലമ്പൂരിൽ നിന്ന് പുറപ്പെടുക നാളെ പുലർച്ചെ നാല് മണിക്കാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
രാത്രി 9.30 യ്ക്ക് പുറപ്പെടേണ്ട ട്രെയിൻ 11.30യിലേക്ക് നേരത്തെ മാറ്റിയിരുന്നു. എന്നാൽ പരിശോധന പൂർത്തിയാക്കാത്തതിനാൽ വീണ്ടും സമയം മാറ്റുകയായിരുന്നു. പശു ട്രെയിനിനു മുന്നിൽ ചാടിയതാണ് പാളം തെറ്റാൻ കാരണമെന്നാണ് റയിൽവെ അറിയിച്ചത്. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിന്‍റെ എൻജിനുകളാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല.
വല്ലപ്പുഴ റെയിൽവെ സ്റ്റേഷൻ എത്തുന്നതിന് ഒരു കിലോമീറ്റർ അടുത്താണ് സംഭവം നടന്നത്. ട്രെയിൻ എഞ്ചിൻ മാത്രമാണ് പാളം തെറ്റിയതെന്നും കോച്ചുകൾക്ക് പ്രശ്നമില്ലെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം ഏറെനേരമായി തടസപ്പെട്ടിരിക്കുകയാണ്. ഷൊർണൂർ - നിലമ്പൂർ, നിലമ്പൂർ -ഷൊർണൂർ പാസഞ്ചറുകൾ റദ്ദാക്കിയിട്ടുണ്ട്. ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് റെയിൽവെ അറിയിച്ചു.
Read More : 'ഏതറ്റം വരെയും പൊരുതാൻ റെഡി'; കോയമ്പത്തൂർ ട്രിപ്പ് പുനരാരംഭിച്ച് റോബിൻ ബസ്, നാളെ മുതൽ വീണ്ടും സർവ്വീസ്