വാഹന പരിശോധനയിൽ ടിപ്പർ ലോറിയിലെ 'രഹസ്യ കച്ചവടം' കയ്യോടെ പിടികൂടി, ഡ്രൈവറും ടിപ്പറും അകത്ത്!
ടിപ്പർ ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
കോഴിക്കോട്: വില്പനക്കിടെ സിന്തറ്റിക് മയക്കുമരുന്നായ എം ഡി എം എയുമായി കൂമ്പാറയിൽ ടിപ്പർ ഡ്രൈവറായ യുവാവ് തിരുവമ്പാടി പൊലീസിന്റെ പിടിയിൽ. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ് ഐ രമ്യയുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം പിടികൂടിയത്. സ്കൂൾ കുട്ടികൾക്ക് അടക്കം എം ഡി എം എ. വിൽപ്പന നടത്തുന്ന ഡീലറാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കൂടരഞ്ഞി കൂമ്പാറയിൽ മാതാ ക്രഷറിന്റെ സമീപത്തു വെച്ച് വാഹന പരിശോധനയിൽ ആണ് 1.99 ഗ്രാം എം ഡി എം എയുമായി ഷൗക്കത്തിനെ പിടികൂടിയത്. ഇയാളുടെ ടിപ്പർ ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിരുവമ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂളുകൾ കേന്ദ്രീകരിച്ചു വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന വ്യാപകമാകുന്നുണ്ട് എന്ന പരാതി നിലവിൽ ഉള്ള സാഹചര്യത്തിൽ തിരുവമ്പാടി പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് കള്ളിപ്പാറ സ്വദേശിയെ എം ഡി എം എയുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എം ഡി എം എ ചെറിയ പാക്കറ്റുകളിൽ ആക്കി വില്പന നടത്തുകയാണ് പിടിയിലായ ഷൗക്കത്തിന്‍റെ രീതി. വിൽപ്പനക്കുള്ള ചെറിയ പായ്ക്കറ്റുകളും വാഹനത്തിൽ നിന്നും കണ്ടെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് എസ് ഐ രമ്യ പറഞ്ഞു. ഷൗക്കത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ വാളയാറിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ രേഖകൾ ഇല്ലാത്ത ഇരപത്തിനാല് ലക്ഷത്തിലേറെ രൂപ പിടികൂടി എന്നതാണ്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പണവുമായി എറണാകുളം സ്വദേശിയായ 58 കാരൻ പിടിയിലായത്. എക്‌സൈസ് ഇൻസ്പെക്ടർ കെ നിഷാന്തും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെ കെ എസ് ആർ ടി സി ബസിൽ നിന്നാണ് എറണാകുളം പെരുമ്പാവൂർ താലൂക്കിൽ പെരുമ്പാവൂർ വില്ലേജിലെ യശ്വന്ത് യാംഗർ ആണ് കുടുങ്ങിയത്. KL-15A- 0296 നമ്പർ കെ എസ് ആർ ടി സി ബസിലെ യാത്രക്കാരായിരുന്നു യശ്വന്ത് യാംഗർ. ഇയാൾ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന ഇരുപത്തിനാല് ലക്ഷത്തി എഴുപത്തി എട്ടായിരത്തി അഞ്ഞുറു രൂപ (2478500/-) യാണ് കണ്ടെടുത്തതെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.