'ലോറിയിൽ തടി കയറ്റവേ നോക്കുകൂലി ചോദിച്ചു, തരില്ലെന്ന് പറഞ്ഞതോടെ മർദ്ദിച്ചു'; പരാതി, കേസെടുത്ത് പൊലീസ്
മർദ്ദമേറ്റ തടി ഉടമ എടത്വാ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ബോധപൂർവം അല്ലാത്ത നരഹത്യാ ശ്രമത്തിനും പിടിച്ചു പറിക്കും മൂന്നംഗ സംഘത്തിനെതിരെ കേസെടുത്തു.
എടത്വാ: നോക്കുകൂലി ആവശ്യപ്പെട്ട് മൂന്നംഗ സംഘം തടി കയറ്റാൻ വന്ന ഉടമയെ മർദ്ദിച്ചതായി പരാതി. എടത്വാ- ചങ്ങങ്കരി റൂട്ടിൽ സിസിലി മുക്കിന് സമീപത്ത് വെച്ചാണ് സംഭവം. കോഴിമുക്ക് സ്വദേശി സിസിലി മുക്കിൽ നിന്ന് തടി വാങ്ങി വാഹനത്തിൽ കയറ്റുന്നതിനിടെ സിഐടിയു യൂണിയനില്‍പെട്ട പ്രദേശവാസികളായ ജയൻ, ജയകുമാർ, രമേശൻ എന്നിവർ നോക്ക് കൂലി ആവശ്യപ്പെട്ട് എത്തിയതായി ഉടമ പറഞ്ഞു. നോക്ക് കൂലി നൽകില്ലെന്ന് ഉടമ അറിയിച്ചതോടെ മൂന്നംഗ സംഘം തടി കയറ്റുന്നത് തടസ്സപ്പെടുത്തി. ഇരു കൂട്ടരും തമ്മിലുള്ള തർക്കത്തിനിടെ മൂന്നംഗ സംഘം തടി ഉടമയുടെ മുഖത്ത് കല്ലിന് ഇടിച്ച് പരിക്കേൽപ്പിച്ചു.
മർദ്ദമേറ്റ തടി ഉടമ എടത്വാ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ബോധപൂർവം അല്ലാത്ത നരഹത്യാ ശ്രമത്തിനും പിടിച്ചു പറിക്കും മൂന്നംഗ സംഘത്തിനെതിരെ കേസെടുത്തു. ഇവരെ കോടതി റിമാന്റ് ചെയ്തു. എടത്വാ സി ഐ, കെ ബി ആനന്ദബോസ്, എസ് ഐമാരായ മഹേഷ്, സുരേഷ്, എ എസ് ഐ ശ്രീകുമാർ, സീനിയർ സി പി ഒ സുനിൽ, സിപിഒ സിജിത്ത് എന്നിവർ അന്വഷണത്തിന് നേതൃത്വം നൽകി.