വലിയ ടൂറിസം സാധ്യതകള്‍ക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനം വന്നു; ടൈഗര്‍ സഫാരി പാര്‍ക്ക് ചക്കിട്ടപ്പാറയില്‍

ടൂറിസത്തിന് വന്‍ സാധ്യത ഒരുക്കും. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പ്രദേശത്ത് വലിയ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും

tiger safari park chakkitapara perambra SSM

പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഫാരി പാര്‍ക്കിനായുള്ള തുടര്‍നടപടികള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്. ഇത് ടൂറിസത്തിന് വന്‍ സാധ്യത ഒരുക്കും. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പ്രദേശത്ത് വലിയ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണ രംഗത്ത് കേരളത്തിന്റെ നേട്ടങ്ങള്‍ രാജ്യത്തിനു മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം മികച്ചതാണ്. അതിസമ്പന്ന രാഷ്ട്രം പോലും കോവിഡിന് മുന്‍പില്‍ മുട്ടുകുത്തി നിന്നു. എന്നാല്‍ കോവിഡിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും കേരളം മികച്ചതായി തന്നെ നിലകൊണ്ടു. സംസ്ഥാനത്ത് സൗകര്യങ്ങളെല്ലാം പൂര്‍ണ സജ്ജമായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിന് വായ്പ്പ എടുക്കേണ്ടതായി വരും. പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കും. ഈ വരുമാനം കൊണ്ട് വായ്പ തിരിച്ചടക്കാനും കഴിയും. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍  കഴിഞ്ഞത് കിഫ്ബിയില്‍ നിന്നും വായ്പ എടുത്തതുകൊണ്ടാണ്. കേരളത്തില്‍ സ്തുത്യര്‍ഹമായ രീതിയിലാണ് കിഫ്ബിയുടെ പ്രവര്‍ത്തനം. നേരത്തെ 50000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ 2016 മുതല്‍ 2021 വരെ 62,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. രണ്ടര വര്‍ഷത്തിനകം 80,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാന്‍ കഴിയുക.   വിവിധ മേഖലകളില്‍ ആ മാറ്റം പ്രകടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നല്ല രീതിയിലാണ് ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നത്. മാസം തോറും പെന്‍ഷന്‍ നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനായി ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വികാരം ജനങ്ങള്‍ പ്രകടിപ്പിക്കും. ഇപ്പോള്‍ എത്തിനില്‍ക്കുന്നിടത്ത് നിന്നും നാടിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണം ഏതാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട്. ഈ നിലപാടിനു നാടാകെ ഒറ്റമനസ്സോടെ  പിന്തുണ നല്‍കുന്നു എന്നതിന് തെളിവാണ് സദസ്സിലേക്കുള്ള മഹാജന പ്രവാഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ജെ. ചിഞ്ചുറാണി, എം.ബി. രാജേഷ് എന്നിവര്‍ സംസാരിച്ചു. നവകേരള സദസ്സ് നോഡല്‍ ഓഫീസര്‍ ഗിരീഷ് കുമാര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി നന്ദിയും പറഞ്ഞു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios